സുബിന്‍ കൃഷ്‌ണശോഭ്
കമ്യൂണിസത്തിന്‍റെ വിമര്‍ശകനായ ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിയുടെ നിലപാടിന് മാറ്റം വന്നുവെന്നും കലാകാരന്മാര്‍ക്ക് കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ഐഎഫ്‌എഫ്‌കെയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടെയാണ് പോളിഷ് സംവിധായകനെക്കുറിച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ക്രിസ്റ്റോഫ് സനൂസിയും പി ഗോവിന്ദപ്പിള്ളയുമായി നടന്ന സംവാദം ഏറെ പ്രസിദ്ധമാണല്ലോ. ഒരു കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളുമായി ചേര്‍ന്നു നിന്ന ചലച്ചിത്രകാരനായിരുന്നു സനൂസി. എന്നാല്‍, പിന്നീട് അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയങ്ങളിലേക്ക് എത്തിപ്പെട്ടു. അദ്ദേഹത്തിന്‍റെ ചിന്തകളിലും അഭിപ്രായങ്ങളിലും ചലച്ചിത്രങ്ങളിലും അത് പ്രകടമായിരുന്നു. 2023ലെ ഐഎഫ്‌എഫ്‌കെയില്‍ സനൂസി പങ്കെടുത്തപ്പോള്‍ മുന്‍പുണ്ടായിരുന്ന അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്നതാണ് നമ്മള്‍ കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ക്രിസ്റ്റോഫ് സനൂസി ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ചിന്തകളിലും വിശ്വാസങ്ങളിലും ആശയങ്ങളിലും വലിയ മാറ്റം പ്രകടമായിരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു.
കാലത്തിനും ലോകത്തിനും അനുസരിച്ചുള്ള ബോധ്യങ്ങളില്‍ കലാകാരന്മാര്‍ക്ക് മാറ്റങ്ങളുണ്ടാകും. അങ്ങനെയുള്ള ആശയം സമൂഹത്തോട് പങ്കുവെക്കാനുള്ള ആര്‍ജവം കലാകാരന്മാര്‍ കാണിക്കാറുണ്ട്. ഐഎഫ്‌എഫ്‌കെ എന്നത് ജനാധിപത്യത്തിന്‍റെ ഇടമാണ്. ഏറ്റവും സുന്ദരവും ക്രിയാത്‌മകമായ ചര്‍ച്ചകള്‍, വിശകലനങ്ങള്‍, വിമര്‍ശനങ്ങള്‍ എന്നിവ നടക്കുന്ന സ്‌പേസാണിത്. സിനിമ കാണുന്നവര്‍, അണിയറക്കാരുമായി നടത്തുന്ന സംവാദത്തില്‍ പിന്നണി പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതിലുമപ്പുറമുള്ള കാഴ്‌ചകളുണ്ടായിട്ടുണ്ടാവാം. എല്ലാ ആശയങ്ങളും സംഗമിക്കുന്ന വേദിയാണിത്. കേവലമൊരു ചിത്രപ്രദര്‍ശനത്തിനപ്പുറമുള്ള സര്‍ഗാത്‌മക പ്രവര്‍ത്തനമാണ് ഇവിടെ നടക്കുനത്. മാറുന്ന സിനിമയെക്കുറിച്ച്, പുത്തന്‍ സാങ്കേതിക വിദ്യയെക്കുറിച്ചടക്കം ചര്‍ച്ചയാകുന്ന വേദികൂടിയാണിത്. പരസ്‌പരം തര്‍ക്കിക്കാനും തുറന്നുപറയാനുമുള്ള ഇടം. ചലച്ചിത്രമേളകള്‍ നടക്കുന്നതിന് കാലങ്ങള്‍ക്ക് മുന്‍പേ ഇവിടുത്തെ ഫിലിം സൊസൈറ്റികള്‍ നടത്തിയ ഇടപെടല്‍ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെ വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here