ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

എല്ലാ കേസുകളിലും ആരോപണ വിധേയരെ തിരിച്ചറിയുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു. കോടതികളിൽ നിന്നും മുൻകൂർ ജാമ്യം നേടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പരാതിയിലോ മൊഴികളിലോ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് ഈ 4 കേസുകളിൽ തുടർനടപടികൾ അവസാനിപ്പിച്ചത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ , സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബഞ്ച് ഈ മാസം 19 ന് ഹർജികൾ വീണ്ടും പരിഗണിക്കും.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചിരുന്നു. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. ലഭിച്ച പരാതി പരിഗണിച്ച ശേഷമായിരിക്കും തുടര്‍ നടപടി.

Also Read : ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്; നായിക സിഡ്‌നി സ്വീനി, അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രമെന്ന് സൂചന

റിപ്പോര്‍ട്ടില്‍ കൂടുതല്‍ സ്വകാര്യത സംരക്ഷിക്കേണ്ട ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഹേമ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ആര്‍ടിഐ ഉദ്യോഗസ്ഥന്‍ 11 പാരഗ്രാഫ് നീക്കം ചെയ്തത്.

എന്നാല്‍, ഒഴിവാക്കിയ ഭാഗങ്ങളുടെ പകര്‍പ്പ് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മൊഴി നല്‍കിയവരുടെയും പരാതിക്കാരുടെയും സ്വകാര്യതയെ മാനിച്ച് നീക്കം ചെയ്ത 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്തുവിടാനായിരുന്നു തീരുമാനം.

എന്നാല്‍ ഇതിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഇന്ന് പുറത്തുവിടില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. പുതിയ പരാതി പരിഗണിച്ച ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം, ലഭിച്ച പരാതി ആരുടേതാണെന്നും എന്താണെന്നും നിലവില്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News