സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി

സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍  വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയുടെ പുതിയ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള്‍ തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ മാത്രമേ  ഫലപദമായി പ്രതിരോധിക്കാന്‍ കഴിയൂ.
ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. കാന്‍സറും ജീവിത ശൈലി രോഗമാണ്. ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്‍സിസിയിലും മലബാര്‍ കാന്‍സര്‍ സെന്‍ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്‍റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ നൂതന സംവിധാനം ഒരുക്കി. ആര്‍സിസിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സ ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്‍സിസിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങും.
ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീര്‍ണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ നടന്നുവരുന്നുണ്ട്.
കാന്‍സര്‍ സെന്‍ററുകളേയും മെഡിക്കല്‍ കോളേജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നം മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അവ വിപുലപ്പെടുത്തി മെച്ചപ്പെടുത്തി. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ നാടിന് കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ച പരിമിതര്‍ക്കുള്ള സേവനത്തിന് ലഭിച്ച പുരസ്‌കാരം. അതോടൊപ്പം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ആരോഗ്യമന്ഥന്‍ പുരസ്‌ക്കാരം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേടി. ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ആകെ രോഗി സൗഹൃദമാക്കാന്‍ കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ അടക്കം പല രീതിയിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയതോതില്‍ മെച്ചപ്പെടുത്തി. സാധാരണക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറി. ഇതാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം. സമാനതകള്‍ ഇല്ലാത്ത മുന്നേറ്റമാണ് ഈ രംഗത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപയെ തുടക്കത്തില്‍ തിരിച്ചറിഞ്ഞ് ഫലപദമായി ഇടപെട്ട് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിഞ്ഞു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 9 വയസുള്ള കുട്ടിയടക്കം നാലു പേരും രോഗമുക്തി നേടി. കുട്ടി വെന്റിലേറ്ററില്‍ ആയിരുന്നത് നാടിനെയാകെ ആശയങ്കയിലാഴ്ത്തിയിരുന്നു. നിപയെ പോലെയുള്ള ഒന്നിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞത് നാടിന് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മെഡിക്കല്‍ ടെക്‌നോളജി വളര്‍ത്താനും മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുവാനും ഡേറ്റ ശേഖരിക്കാനും അവലോകനം ചെയ്യാനും വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പൊതുജനാരോഗ്യത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ കൈവരിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍  ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനംകൂടിയാണ് മുഖ്യമന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിര്‍വഹിച്ചത്. ഇനി എല്ലാ സര്‍ക്കാര്‍ പരിപാടികളും ശുചിത്വ പ്രതിജ്ഞ എടുത്താകും ആരംഭിക്കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. മേയര്‍ എം.അനില്‍കുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവര്‍ മുഖ്യാതിഥികളായി. സിഎസ്എംഎല്‍ സിഇഒ ഷാജി വി.നായര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ഡിഎംഒ ഡോ.കെ.കെ ആശ, ജനറല്‍ ആശുപത്രി സൂപ്രണ്ട്് ഡോ.ആര്‍.ഷഹീര്‍ഷാ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News