കോടതിവിധി ലംഘിച്ചുള്ള ഗവർണറുടെ വിസി നിയമനം ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം

cpim-governor-arif-mohammed-khan

ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുമ്പ് അത് ലംഘിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമവിരുദ്ധമായി മനപ്പൂര്‍വം കാര്യങ്ങള്‍ ചെയ്യുകയും കോടതിവ്യവഹാരങ്ങള്‍ വഴി സര്‍വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാന്‍സലര്‍ ചെയ്യുന്നത്. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചത് സര്‍വകലാശാല ചട്ടങ്ങളേയും ഇത് സംബന്ധിച്ച കോടതി നിര്‍ദേശങ്ങളേയും കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അതായത്, കെടിയുവില്‍ സര്‍വകലാശാല നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ചാന്‍സലര്‍ക്ക് നിയമിക്കാന്‍ അധികാരമുള്ളു. ഡിജിറ്റല്‍ സര്‍വകലാശാലയിലും ഇത് ബാധകമാണ്.

Read Also: സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസിലറുടെ നടപടി കെടിയു ആക്ടിന് എതിര് ; മന്ത്രി ആർ ബിന്ദു

എന്നാല്‍, സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോള്‍ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്. സര്‍ക്കാരിന്റെയോ സര്‍വകലാശാലയുടെയൊ താത്പര്യം നോക്കാതെയാണ് അടുത്തിടെ ആരോഗ്യ സര്‍വകലാശാല വിസിക്ക് നിയമനം നീട്ടി നല്‍കിയത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പാടേ ഹനിച്ചുകൊണ്ട് സംഘ്പരിവാര്‍ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ച് വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഒരുതരത്തിലും ഈ മേഖല മെച്ചപ്പെടാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ ഇടപെടുന്ന ഗവര്‍ണര്‍ ഇവിടുത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലയെ നിരന്തരം പരിഹസിക്കുകയാണ്. ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News