അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ എംഎൽഎ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നത്. നിയമസഭ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ പറഞ്ഞു.
ഡിസംബർ 29 നായിരുന്നു ഉമാ തോമസിന് ഗുരുതര പരിക്കേറ്റ അപകടം നടന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് വീണ എംഎല്‍എക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്.
രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും ഉമ തോമസ് എംഎൽഎയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. ഉച്ചക്ക് ഒരു മണിയോടെ കൊച്ചി റിനൈ മെഡിസിറ്റിയിലെത്തിയാണ് മുഖ്യമന്ത്രി എംഎല്‍എയെ കണ്ടത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എല്ലാവരും തന്നെ ചേർത്തുപിടിച്ചതായി ഉമ തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
കടമ മാത്രമാണ് നിർവഹിച്ചതെന്നും നാടാകെ ചേർത്തുപിടിച്ചുവെന്നും മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രി വീണാ ജോർജ് ഇടപെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചതിലും ഉമാ തോമസ് നന്ദി അറിയിച്ചു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ, സിഎൻ മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here