വ്യാവസായിക വികസന സൗഹൃദാന്തരീക്ഷം ഒരുക്കുന്ന സംസ്ഥാനങ്ങളില്‍ രാജ്യത്തു തന്നെ ഒന്നാം നിരയിലേക്കുയര്‍ന്ന് കേരളം ചരിത്രനേട്ടത്തിലേക്ക്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കിയാണ് കേരളം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. ആകെയുള്ള 30 മേഖലകളില്‍ 9 എണ്ണത്തിലും ഒന്നാം സ്ഥാനം നേടി കേരളം രാജ്യത്തെ മികച്ച മാതൃകയാകുമ്പോള്‍ ആന്ധ്രാപ്രദേശിന് 5 ഉം ഗുജറാത്തിന് 3 ഉം മേഖലകളില്‍ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. കഠിന പ്രയത്നത്തിൻ്റെ ഫലമായി, സുവര്‍ണ നേട്ടത്തിലേക്കടുത്ത കേരളത്തിന്റെ വഴികള്‍ മന്ത്രി പി. രാജീവ് കൈരളി ന്യൂസിനോട് വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകളിലേക്ക്: ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാം സ്ഥാനം നേടുന്നതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങളായിരുന്നു വ്യവസായ വകുപ്പ് ആസൂത്രണം ചെയ്തത്. സംസ്ഥാനത്ത് 2025-ല്‍ ഒരു സംരംഭക സംഗമം സംഘടിപ്പിക്കുക എന്നതായിരുന്നു തങ്ങളുദ്ദേശിച്ചിരുന്നത്. അതിനുവേണ്ട തയാറെടുപ്പുകള്‍ കൃത്യമായി സജ്ജമാക്കി. സംരംഭക സംഗമം തുടങ്ങാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുന്നതിനേക്കാള്‍ അത്തരമൊരു സംഗമം നടത്താന്‍ വേണ്ട തയാറെടുപ്പുകളിലേക്കാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അതിനായി ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചു. ചട്ടങ്ങള്‍ ലളിതമാക്കി. ഒരു വ്യവസായ നയം കൊണ്ടു വന്നു. ഉപനയങ്ങള്‍ ഇപ്പോൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ, കേരളത്തിലെ 5000 ത്തോളം സംരംഭകരെ മന്ത്രി എന്ന നിലയില്‍ താന്‍ തന്നെ നേരിട്ടു കണ്ടു. അവരുടെ സംഘടനകളുമായി ആശയ വിനിമയം നടത്തി. ആദ്യ പത്ത് സ്ഥാനങ്ങളിലേക്കെങ്കിലും എത്തുക എന്നതിനായിരുന്നു ആദ്യ പരിഗണന നല്‍കിയിരുന്നത്. ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ എത്തുക എന്ന ഉദ്ദേശത്തോടെ എല്ലാ മാസവും റിവ്യൂ നടത്തി. ഈ പ്രവര്‍ത്തനങ്ങളുടെ മികവിന്റെ ഭാഗമായാണ് 9 വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി കേരളം ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ടോപ്പ് പെര്‍ഫോമര്‍ പട്ടികയില്‍ 95% മാര്‍ക്ക് നേടിയാണ് കേരളത്തിന്റെ പ്രകടനം- മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയാലും സംരംഭകരില്‍ നിന്നും മികച്ച ഫീഡ് ബാക്ക് ലഭിക്കാത്തത് മോശം പ്രകടനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ഇത്തവണ അത് പരിഹരിക്കാനായി സംരംഭകരില്‍ നിന്നും മികച്ച ഫീഡ്ബാക്ക് ലഭിച്ചു. കേരളം വ്യവസായ അനുകൂല അന്തരീക്ഷമുള്ള സംസ്ഥാനമാണെന്ന് മിക്ക സംരംഭകരും അഭിപ്രായപ്പെട്ടു. സ്ത്രീശാക്തീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംഎസ്എംഇ മേഖലയില്‍ 2,80000 സംരംഭങ്ങളാണ് 2 വര്‍ഷവും 5 മാസവും കൊണ്ട് തുടങ്ങാനായത്. ഇതിലൂടെ 18000 കോടി രൂപയുടെ നിക്ഷേപവും 6 ലക്ഷം തൊഴിലും സൃഷ്ടിക്കാനായി.
ബെസ്റ്റ് പ്രാക്ടീസ് ഇന്‍ എംഎസ്എംഇ സെക്ടര്‍ എന്ന പ്രധാനമന്ത്രിയുടെ അംഗീകാരം ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് വ്യവസായ വകുപ്പിന് നേടാനായത്. അഖിലേന്ത്യാ തലത്തില്‍ കേരളത്തിനു ലഭിച്ച ആദ്യ അംഗീകാരമാണിത്. കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ഇതുവരെയും ഇടം കിട്ടാത്ത കാസര്‍കോഡ്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലേക്കു കൂടി വ്യവസായ വളര്‍ച്ച എത്തിക്കാനായി. ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മാണ ഇന്‍ഡസ്ട്രിയുടെ ആകെ ടേണോവറിന്റെ 20 ശതമാനം സംഭാവന ഇപ്പോള്‍ കേരളത്തില്‍ നിന്നാണ്. ലോകത്തിലെ സ്‌പൈസ് പ്രോസസിങ് ഹബ്ബായിരിക്കുകയാണ് കേരളം. കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിങില്‍ 28-ാം സ്ഥാനത്തു നിന്നും കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറ്റം നടത്തിയിരുന്നു. അവിടുന്നാണ് ഇപ്പോള്‍ ഒന്നാം നിരയിലേക്കെത്തിയിരിക്കുന്നത്. വ്യവസായ സംരംഭകരുമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇനിയത് നിലനിര്‍ത്തിപ്പോരുന്നതിനായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കേരളം ഒരു പ്രകൃതി ദുര്‍ബല പ്രദേശമായതിനാല്‍ തന്നെ പ്രകൃതിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.-മന്ത്രി രാജീവ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here