രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

HIGHCOURT

രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കേന്ദ്ര നടപടി കോടതിയെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. എസ് ഡി ആര്‍ എഫ് നിബന്ധനകളില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വയനാട് ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. എയര്‍ ലിഫ്റ്റിംഗ് അടക്കമുള്ള രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര നടപടിയാണ് വിമര്‍ശനത്തിന് കാരണം. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

ALSO READ: അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നതിന് പകരം ദൈവനാമം പറഞ്ഞെങ്കില്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമായിരുന്നെന്ന് അമിത്ഷാ, പ്രതിഷേധിച്ച് പ്രതിപക്ഷം

2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്.

ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരായിരുന്നോ എന്നും കോടതി വിമര്‍ശിച്ചു. ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം നല്‍കണം.

ALSO READ: എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

ദുരന്ത പ്രതികരണ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 181 കോടി മാത്രമാണ് എസ് ഡി ആര്‍ എഫില്‍ ബാക്കി ഉള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര മാനദണ്ഡപ്രകാരം ഈ തുക പൂര്‍ണ്ണമായി വയനാടിനായി വിനിയോഗിക്കാന്‍ കഴിയില്ല.

എസ് ഡി ആര്‍ എഫ് വിനിയോഗം സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങളാണ് തടസ്സം . ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടിയന്തിരമായി എത്ര രൂപയുടെ സഹായം കേരളത്തിന് നല്‍കാന്‍ കഴിയുമെന്നും കേന്ദ്രം അറിയിക്കണം. ജനവരി 10 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here