‘ജാക്കേ മോനേ അച്ഛനെയൊന്ന് വിളിക്കെടാ’, അലറിക്കരഞ്ഞ് ഭാര്യ; വിനോദിന്റെ മൃതദേഹത്തെ നോക്കി കുരച്ച് ജാക്ക്, പിന്നീട് തീര്‍ത്തും മൗനം

ഇതരസംസ്ഥാനക്കാരായ നാല്‍വര്‍സംഘത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഹൈക്കോടതി ഡ്രൈവര്‍ ടി.ബി. വിനോദിന്റെ മൃതദേഹം കൊച്ചി മുല്ലശ്ശേരി കനാല്‍ റോഡിലെ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ വിങ്ങിക്കരയുകയായിരുന്നു. വളര്‍ത്തുനായയെ ജീവനുതുല്യം സ്‌നേഹിച്ച വിനോദിനെ അവസാനമായി ഒന്നുകാണാന്‍ ജാക്കും എത്തിയതോടെ അവിടെയുണ്ടായിരുന്നവരുടെ സങ്കടവും കരച്ചിലും ആ നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തി.

മൃതദേഹം വെച്ച ഫ്രീസറിനു മുകളില്‍ മുന്‍കാലുകള്‍ വെച്ച് കുറെനേരം നിന്ന ജാക്ക് ഒന്നു കുരച്ചു. പിന്നീട് തീര്‍ത്തും മൗനം. കുറെ ദിവസങ്ങളായി വിനോദിന്റെ വരവും നോക്കി കാത്തിരിക്കുകയായിരുന്നു ജാക്ക്. ജാക്ക് കുരച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വിനോദിന് ജീവന്‍ നഷ്ടമായത്.

Also Read : ജയിലിൽ കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നു; ശരീരഭാരം അതിവേഗം കുറഞ്ഞുവരുന്നു: ആശങ്ക പ്രകടിപ്പിച്ച് എഎപി

‘ജാക്കേ… മോനേ… അച്ഛനെയൊന്ന് വിളിക്കെടാ’ വിനോദിന്റെ ഭാര്യ സിന്ധുവിന്റെ കരച്ചിലിനു നടുവിലേക്കെത്തിയ ജാക്കിന്റെ കണ്ണുകളിലും കണ്ണീര്‍ നനവുണ്ടായിരുന്നു. വിനോദിന്റെ മരണത്തെ തുടര്‍ന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ജാക്കിനെ മാറ്റിയിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിനോദിന്റെ മൃതദേഹം മുല്ലശ്ശേരി കനാല്‍ റോഡിലെ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

നായ കുരച്ചതിന്റെ പേരില്‍ വീട്ടുമുറ്റത്തോടു ചേര്‍ന്നുള്ള ഇടവഴിയില്‍ വെച്ച് ഉത്തരേന്ത്യക്കാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഹൈക്കോടതി ഡ്രൈവര്‍ വിനോദിന് കുടുംബാംഗങ്ങളും നാട്ടുകാരും കണ്ണീരോടെയാണ് വിട നല്‍കിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഹൈക്കോടതി ജീവനക്കാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംസ്‌കാരത്തില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News