‘അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം’; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി

high court

മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി.മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ആണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗമുണ്ട് എന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

2016ല്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഡിജൊ കാപ്പന്‍ ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കൂടാതെ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.കോടതി പരാമര്‍ശം ഉള്‍പ്പടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് തടയണമെന്നും വാര്‍ത്തകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമൊക്കെയായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഹര്‍ജികള്‍ പിന്നീട് ഭരണഘടനാബെഞ്ചിനു വിടുകയായിരുന്നു.
തുടര്‍ന്നാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിശദമായ വാദം കേട്ട് മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അതിനാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്.എന്നാല്‍ ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം.
വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമവും അനുവദിക്കുന്നുണ്ട്.വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ല.അത്തരം  സന്ദർഭങ്ങളിൽ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും അഞ്ചംഗ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News