അവിവാഹിതരായ പെൺകുട്ടികൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ കോടതി ഉത്തരവിനെതിരായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.മതപരമായ വേർതിരിവില്ലാതെയാണ് പെൺമക്കളുടെ ഈ അവകാശമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവിനുള്ള പണം ലഭിക്കേണ്ടത് നിയമപരമായ അവകാശമാണ്. മതപരമായ വ്യത്യാസം അതിനില്ലെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
Also Read: ആ യുവതി ആര് ? വന്ദേഭാരത് പരീക്ഷണ ഓട്ടത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍
ഹർജി പരിഗണിച്ച കോടതി വിവാഹ ചെലവിനായി ഹർജിക്കാർക്ക് അവകാശപ്പെടാനാകുന്ന തുക 15 ലക്ഷമാക്കി ഉയർത്തി.തുടർന്ന് ഈ തുകയ്ക്ക് തുല്യമായ പിതാവിന്റെ സ്വത്ത് വകകൾ ജപ്തി ചെയ്യാനും ഉത്തരവിടുകയായിരുന്നു. 15 ലക്ഷം രൂപ പിതാവ് ഫിക്‌സഡ് ഡെപ്പോസിറ്റായാ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നിക്ഷേപിച്ചാൽ ജപ്തിയുടെ ആവശ്യം വരില്ലെന്നും കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന കുടുംബ കോടതി ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
Also Read: ‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടര്‍ത്തി മുഖ്യമന്ത്രി
45 ലക്ഷത്തോളം രൂപ വിവാഹ ചിലവ് പിതാവിൽ നിന്നും ആവശ്യപ്പെട്ട് പാലക്കാട് കുടുംബ കോടതിയെ സമീപിച്ച ഹർജിക്കാർ എതിർ കക്ഷിയുടെ സ്വത്ത് വകകൾ ജപ്തി ചെയ്യാൻ അനുമതി നേടിയെടുത്തിരുന്നു. എന്നാൽ ഏഴര ലക്ഷം രൂപ മൂല്യമുള്ള സ്വത്ത് വകകൾ മാത്രമായിരുന്നു കുടുംബ കോടതി ജപ്തി ചെയ്യാൻ അനുവദിച്ചത്. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here