സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read : മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസ്
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിക്കുന്നു.
-പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
-ORS, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
-അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
-ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
-നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പുറം വാതിൽ ജോലിയിൽ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
-ക്ലാസുകൾ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്.
-നഗരങ്ങളിൽ തണലുള്ള പാർക്കുകകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതു ഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് കൊടുക്കണം. യാത്രയിൽ ഏർപ്പെടുന്നവരും മറ്റ് ആവശ്യങ്ങൾക്കായി നഗരങ്ങളിൽ എത്തുന്നവരും കൃത്യമായ ഇടവേളകളിൽ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാൻ ശ്രമിക്കണം.
-ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
-മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
-പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
-കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
-തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
-അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
-സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയിൽ പെട്ടാൽ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാൻ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
-കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here