ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിനുള്ള കേന്ദ്ര സഹായം കേരളം യാചനയായി ചോദിക്കുന്നതല്ലെന്നും കേരളമെന്താ ഇന്ത്യയ്ക്ക് പുറത്താണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയാണ്. ദുരന്ത നിവാരണ ഫണ്ട് ചെലവഴിക്കണമെങ്കിൽ ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് ചൂരൽമല ദുരന്ത നിവാരണത്തിന് ഉപയോഗിക്കാനാകില്ലെന്നും ഇതേസമയം ഒരു റിപ്പോർട്ടും ഇല്ലാതെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും കേരളത്തിനു ലഭിക്കേണ്ട ധനസഹായം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. അതേസമയം, കേന്ദ്രം ഇനി സഹായിച്ചില്ലെങ്കിലും ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസത്തെക്കുറിച്ച് ആർക്കും ഒരാശങ്കയും വേണ്ടെന്നും നേരത്തെ സർക്കാർ പ്രഖ്യാപിച്ചതിൽ നിന്നും ഒരു മാറ്റവും സർക്കാർ അവിടെ വരുത്തില്ലെന്നും പ്രദേശത്തെ ടൗൺഷിപ്പ് പ്രഖ്യാപനം സർക്കാർ യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകം ശ്രദ്ധിക്കുന്ന മാതൃകാപരമായ ടൗൺഷിപ്പായിരിക്കും സംസ്ഥാന സർക്കാർ അവിടെ നിർമിക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമാന രീതിയിൽ പ്രളയസമയത്തും കേന്ദ്രം കേരളത്തെ സഹായിച്ചില്ല.
എന്നാൽ, കേന്ദ്ര സഹായമില്ലാതെ അവിടെ പ്രളയ പുനരധിവാസം സർക്കാർ സാധ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെതിരെ ബിജെപിക്കും യുഡിഎഫിനും ഒരേ മനസ്സാണുള്ളത്. ഇത് തിരഞ്ഞെടുപ്പുകളിലും ഇപ്പോൾ പ്രതിഫലിക്കാൻ തുടങ്ങി. നേമത്ത് പരസ്പര ധാരണ പ്രകാരമാണ് ബിജെപി വിജയിച്ചതെന്നും തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചതും കോൺഗ്രസ്സാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here