തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നിലെ യൂത്ത് കോൺഗ്രസ് അക്രമം; പ്രതിഷേധവുമായി കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നിൽ ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധമറിയിച്ച് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ. കക്ഷി രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമായി നിയമവ്യവസ്ഥയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കേരളത്തിലെ ജയിൽ വകുപ്പെന്ന് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ പറഞ്ഞു. നിയമവ്യവസ്ഥയുടെ ഭാഗമായി വിവിധ കേസുകളിൽ പെട്ട് ജയിലുകളിലെത്തുന്ന അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തെറ്റുതിരുത്തൽ പ്രക്രിയയ്ക്ക് വിധേയമാക്കി അവർ ഓരോരുത്തരെയും സമൂഹത്തിന്റെ ഭാഗമായി മാറ്റുക എന്ന വലിയ ദൗത്യമാണ് ജയിൽ വകുപ്പും ഓരോ ജയിൽ ഉദ്യോഗസ്ഥരും നിർവഹിച്ചുവരുന്നത്. ഇത്തരത്തിൽ ജയിലുകളിൽ എത്തുന്ന അന്തേവാസികളെ ജാതിയുടെയോ മതത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ പേരിൽ വേർതിരിച്ചു കാണാതെ എല്ലാവർക്കും നിയമം അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താൻ ജയിൽ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണെന്നും അസോസിയേഷൻ അറിയിച്ചു.

Also Read; നടന്നത് അതിവിദഗ്ധ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും തട്ടിയത് ഒന്നരക്കോടിയോളം

ഇത്തരത്തിൽ ജയിലുകൾക്കുള്ളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് ഉദ്യോഗസ്ഥരുടെ സംഘടന എന്ന നിലയിൽ വലിയ ഉത്തരവാദിത്വമായി കണ്ട് നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് തിരുവനന്തപുരം ജില്ലാ ജയിലിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ റെസ്റ്റ് റൂം സ്ഥാപിക്കാൻ സാധിച്ചത്. സംസ്ഥാനമാകെ ഏറെ സ്വീകാര്യമായ പ്രവർത്തനമായിരുന്നു ജില്ലാ ജയിലിൽ റെസ്റ്റ് റൂം സ്ഥാപിച്ചതിലൂടെ സംഘടന നടത്തിയിട്ടുള്ളത്. ജീവനക്കാർക്ക് റസ്റ്റ് റൂം അനുവദിച്ച കേരള സർക്കാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് തിരുവനന്തപുരം സെൻട്രൽ ജയിലിന് മുന്നിൽ സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞ ദിവസം ഒരു യുവജന സംഘടനയുടെ പ്രകടനത്തിനിടെ നശിപ്പിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. ജയിൽ പരിസരത്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ സമീപകാലത്ത് ആദ്യമായാണ് ഉണ്ടാവുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായിട്ടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം നിയമപരമായ നടപടികളും സ്വീകരിക്കുന്നതാണ്. ഒരു ബോർഡ് നശിപ്പിച്ചാൽ ഇല്ലാവുന്നതല്ല ജയിൽ ഉദ്യോഗസ്ഥരുടെ ആത്മവീര്യവും അഭിമാനവും എന്ന് ഏറെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഏവർക്കും സ്വാതന്ത്യമുണ്ട്. എന്നാൽ അത് മറ്റുള്ളവരുടെ സ്വാതന്ത്യം ഹനിച്ചാവരുത് എന്നും കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.

Also Read; ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുവൈറ്റ്; 15-ാം സ്ഥാ​ന​ത്ത് ഇന്ത്യ

ഇന്നലെ തിരുവനന്തപുരം ജില്ലാ ജയിലിനു മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here