ഇത് പുതുചരിത്രം; കേന്ദ്രത്തിന്റെ മടയില്‍ പ്രതിഷേധ ജ്വാലയാകാന്‍ കേരളം

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് നാളത്തെ ദിവസം. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഫെബ്രുവരി 8. സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്. തങ്ങളുടെ ഭരണസഞ്ചാരപാത ശരിയായ ദിശയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് പല പലതവണ പ്രവര്‍ത്തികളിലൂടെ തെളിയിച്ചിട്ടുള്ള സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അതിന്റെ ഉദാത്തമാതൃകയാണ് സവകേരള സദസ്.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച കേരളത്തിലെ ഏക ഭരണകൂടമാണ് ഇടതുപക്ഷ സര്‍ക്കാര്‍. പ്രതിക്ഷ പാര്‍ട്ടി നേതാക്കളുടെ സ്വന്തം മണ്ഡലങ്ങളിലെത്തി അവരെ നവകേരള സദസിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭയുടെ അത്രയും ഹീറോയിസമൊന്നും കേരളത്തിലെ മറ്റൊരു മന്ത്രിസഭയും ഇതുവരെ കാണിച്ചിട്ടില്ല. എന്നാല്‍ ഒരു നാടിന്റെ മുന്നില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിയും പ്രശ്‌നങ്ങളും നല്‍കാന്‍ അവസരമുണ്ടായിട്ടും അതില്‍ നിന്നും ഓടിയൊളിച്ച പ്രതിപക്ഷം ഇത്തവണയും പേടിയോടെ മാളത്തില്‍ കേറിയൊളിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കേന്ദ്രത്തിനെതിരെ ദില്ലിയിലെത്തി സമരം ചെയ്യാനൊരുങ്ങിയ ഇടതുപക്ഷ സര്‍ക്കാര്‍, കേരളത്തോടൊപ്പം ചേരാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും ഭയം കാരണം മുട്ടുവിറച്ചിട്ടാകാം ഒരു പ്രതിപക്ഷ നേതാക്കളും മുന്നോട്ടുവന്നില്ല എന്നത് ചിരിപ്പിക്കുന്നതിനോടൊപ്പം നമ്മള്‍ ചിന്തിക്കേണ്ട നീക്കം കൂടിയാണ്.

Also Read : കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളത് സമാനമായ അവഗണനയുടെ കഥയാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാനങ്ങളുടെ ഭാവിതന്നെ അപകടത്തിലാകും. കേന്ദ്രം കേരളത്തോടു കാണിക്കുന്ന കടുത്ത വിവേചനത്തിനെതിരെ എട്ടിന് ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും സമരം നടത്തുമ്പോള്‍ കേരളവും രാജ്യവും ഒരു ചരിത്രപ്രധാനമായ മുഹൂര്‍ത്തത്തിന് കൂടി സാക്ഷിയാവുകയാണ്. കേരളത്തിന്റെ പ്രതിഷേധത്തിനൊപ്പം ഡിഎംകെയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചേരുന്നതോടെ നാളത്തെ പ്രതിഷേധം രാജ്യത്തെങ്ങും ഒരു പ്രതിരോധാഗ്നിയായി ആളിപ്പടരും എന്നതില്‍ സംശയം ലവലേശം വേണ്ട.

അര്‍ഹമായ വിഹിതമോ പദ്ധതികളോ കൊടുക്കാതെ എല്ലാവിധത്തിലും സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രം. കടമെടുപ്പ് പരിധിയും അകാരണമായി വെട്ടിക്കുറയ്ക്കുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം നാടിനെ നശിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ആസ്ഥാനത്തുപോയി പ്രതിഷേധത്തിന്റെ ജ്വാല തീര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ കേന്ദ്രം ഒരു കാര്യം ഉറപ്പിച്ചോളൂ, നിങ്ങളുടെ ഉച്ഛിഷ്ടം തിന്നുജീവിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇടതുപക്ഷ സര്‍ക്കാരിനെയോ കേരളത്തേയോ ചേര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതില്ല എന്നതിന്റെ വ്യക്തമായ വെല്ലുവിളിയാണ് ഫെബ്രുവരി 8ലൂടെ കേരളം കേന്ദ്രത്തെ ഓര്‍മിപ്പിക്കുന്നത്.

തെളിച്ച വഴിയിലൂടെപ്പോയി കേന്ദ്രത്തിന്റെ മൂട് താങ്ങി സംസ്ഥാനത്തിനാവശ്യമായ ഫണ്ടുകള്‍ വാങ്ങിയെടുക്കാന്‍ കേരളം ഒരിക്കലും മുതിരില്ല. പകരം സ്വന്തം പാത വെട്ടിത്തെളിച്ച് തലയുയര്‍ത്തി നിലപാടിലൂന്നി കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യാന്‍ കേരളം എന്നും മുന്നിലുണ്ടാകും. നിലപാടില്‍നിന്നും അണുവിട വ്യതിചലിക്കാതെ സംസ്ഥാനത്തിനര്‍ഹതപ്പെട്ടതെല്ലാം കേന്ദ്രത്തില്‍ നിന്നും കേരളം ഇടതുപക്ഷ സര്‍ക്കാരിലൂടെ വാങ്ങിയെടുക്കും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാകും ഫെബ്രുവരി 8 എന്ന ദിവസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News