കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്
തന്നെ അറിയപ്പെടുന്ന സാഹിത്യ ഉത്സമായി കെഎൽഐബിഎഫ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.വായന തളിർക്കുന്ന അനുഭവം നിലനിൽക്കുന്ന നാടാണ് കേരളമെന്നും ഇ- റീഡിംഗ് വന്നിട്ടും പുസ്തകം കൈയ്യിൽ എടുത്ത് ഗന്ധം അറിഞ്ഞ് വായിക്കുന്നവരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.
അത്യധികം സന്തോഷത്തോടെയാണ് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രണ്ടുമൂന്നു വർഷങ്ങൾ കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ അടയാളപ്പെടുത്തപ്പെടും വിധം ഇതു ശ്രദ്ധേയമായി എന്നതാണ് ഒന്ന്. പല കാര്യങ്ങളിലും ഇതര നിയമസഭകൾക്കും ഇന്ത്യൻ പാർലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള നിയമസഭയ്ക്ക് സാഹിത്യോത്സവത്തിന്റെ കാര്യത്തിലും മാതൃക കാട്ടാൻ കഴിയുന്നു എന്നതാണ് മറ്റൊന്ന്.നമ്മുടെ ഇളംതലമുറയെ അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ വെളിച്ചത്തിലേക്കു വലിയ തോതിൽ ആകർഷിക്കുന്ന വിധത്തിലാണത് നടത്തപ്പെടുന്നത് എന്നതും, പുറത്തുനിന്നു വളരെ പ്രമുഖരായ സാഹിത്യപ്രതിഭകൾ എത്തുന്നുവെന്നതും അവരുമായി ആശയവിനിമയം നടത്താൻ കേരളത്തിലെ വായനാസമൂഹത്തിന് ഇത് അവസരമൊരുക്കുന്നു എന്നതും നമുക്കെല്ലാം സന്തോഷം നൽകുന്ന കാര്യമാണ്.
കേരള നിയമസഭയ്ക്ക് സാഹിത്യപ്രതിഭകൾ ഒരിക്കലും അന്യരായിരുന്നിട്ടില്ല. പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും തോപ്പിൽ ഭാസിയും മുതൽ പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെയായി എത്രയോ പ്രഗത്ഭർ നമ്മുടെ സഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സാഹിത്യ പ്രതിഭകൾ ദേശീയതലത്തിലെ പരമോന്നത പുരസ്‌കാരങ്ങൾ നാടിനും ഭാഷയ്ക്കും സംസ്‌കാരത്തിനുമായി നേടിത്തരുമ്പോൾ, അവരെ ഏകകണ്ഠമായി പ്രശംസിച്ച ചരിത്രവും ഈ സഭയ്ക്കുണ്ട്.
സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി എത്രയോ പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ് എന്നതിന്റെ സ്മരണയുയർത്തുന്ന പശ്ചാത്തലവും നമുക്കുണ്ട്. അതുകൊണ്ടൊക്കെത്തന്നെ, നിയമസഭ പുസ്തകോത്സവം നടത്താൻ തീരുമാനിച്ചതിൽ പ്രത്യേകമായ ഒരു ഔചിത്യ ഭംഗിയുണ്ടെന്നും അത് ഗംഭീരമായ വിജയമാകുന്നു എന്നത് നമ്മുടെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ; ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിൻ്റെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി
കെഎൽഐബിഎഫ് ഇന്ത്യയിലെ തന്നെ മികച്ച ലിറ്ററി ഫെസ്റ്റ് ആയി മാറിയെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.ചുരുങ്ങിയ കാലം കൊണ്ട്
തന്നെ മികവ് പുലർത്താനായി. ലിറ്ററി ഫെസ്റ്റ് ഒരു ചെറുത്ത് നിൽപ്പാണ്. എല്ലാവർക്കും നിയമസഭയിലേക്ക് കടന്നു വരാമെന്നും ഇതിൻ്റെ പങ്കാളിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങില്‍ മലയാള സര്‍ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാര്‍ഡ് സമ്മാനിച്ചു.ജനുവരി 13 വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here