ഈ വിജയം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ‘മുന്നറിയിപ്പ്’ ; പ്രഹരമേറ്റത് സര്‍ക്കാര്‍ വിരുദ്ധ ‘കുതന്ത്രങ്ങള്‍ക്ക്’

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻമുന്നേറ്റമാണുണ്ടായത്. യുഡിഎഫിൽ നിന്ന്‌ നാല്‌ വാർഡുകളും ബിജെപിയിൽ നിന്ന്‌ മൂന്ന്‌ വാർഡുകളുമാണ് എൽഡിഎഫ്‌ പിടിച്ചെടുത്തത്. യുഡിഎഫും ബിജെപിയും പിണറായി സര്‍ക്കാരിനെതിരായി പെൻഷൻ, സപ്ളൈകോയിലെ സബ്‌സിഡി തുടങ്ങിയവയില്‍ നിരന്തരം തൊടുത്തുവിട്ടത് വന്‍ ആരോപണ കൂരമ്പുകളായിരുന്നു. എന്നാല്‍, അതൊന്നും ഈ ജനത മുഖവിലയ്‌ക്കെടുത്തില്ല എന്നത് ചൂണ്ടിക്കാട്ടുന്നതാണ് ജനവിധി.

സംസ്ഥാനത്താകെ 7 സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കവെ വന്ന അനുകൂല തെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന്, ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡും പുറമെ കൊല്ലം ജില്ലയിലെ ചടയമംഗലം കുരിയോട് വാര്‍ഡുമാണ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തത്.

ALSO READ | തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി

നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ ഊരകം, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്നും പാലക്കാടു‍ള്ള  എരുത്തേമ്പതി പഞ്ചായത്തിലെ പിടാരിമേട്‌ വാർഡുമാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. യുഡിഎഫ് സ്വതന്ത്രനില്‍ നിന്നാണ് പിടാരിമേടില്‍ നിന്നും എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പ് നടന്ന 23 തദ്ദേശ വാർഡുകളിൽ നേരത്തെ അഞ്ച് വാർഡുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. അത് 10 സീറ്റുകളായി ഉയർത്തിയാണ് ഇടതിന്‍റെ തേരോട്ടം. 14 സീറ്റുണ്ടായിരുന്നത് പത്തിലേക്ക് ചുരുങ്ങിയതോടെ യുഡിഎഫിന് വന്‍ ആഘാതമാണ് ഉണ്ടാക്കിയത്.

പഞ്ചായത്ത് ഭരണം നഷ്‌ടമായി; യുഡിഎഫിന് ഇരട്ടപ്രഹരം

യുഡിഎഫിനുള്ള ഇരട്ടപ്രഹരമായത് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്‌ടമായതാണ്. ഇടതുസര്‍ക്കാരിനെതിരായി ജനവികാരം ഇളക്കിവിടാന്‍ ആവുന്ന തരത്തില്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചെങ്കിലും അതിനുള്ള തിരിച്ചടിയാണ് ലഭിച്ചതെന്ന് വ്യക്തം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നടത്തിയ സമരാഗ്‌നിയും കെ സുരന്ദ്രന്‍റെ പദയാത്രയും അതിനുള്ള ശ്രമമായിരുന്നല്ലോ. ഹെലികോപ്‌റ്റര്‍, നോട്ടീസ്, പ്രചാരണഗാനം എന്നിവയിലൂടെ വിവാദങ്ങള്‍ ഉണ്ടായതോടെയാണ് ഈ പരിപാടികള്‍ പോലും നാലാള്‍ അറിഞ്ഞത്. ആ മട്ടിലേക്ക് കാര്യങ്ങള്‍ പോയപ്പോ‍ഴാണ് തെരഞ്ഞെടുപ്പ് ഫലം വീണ്ടും പ്രഹരമേകിയത്.

ALSO READ | തദ്ദേശ ഉപതിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് നേട്ടം

നെടുമ്പാശ്ശേരി കല്‍പക നഗർ വാർഡിൽ സിപിഐഎമ്മിലെ അർച്ചന 98 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് യുഡിഎഫിന് വന്‍ തിരിച്ചടിയായത്. തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് ബിജെപിയിൽ നിന്ന് അട്ടിമറി വിജയത്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത് ശ്രദ്ധേയമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പനത്തുറ ബൈജു 151 വോട്ടുകൾക്കാണ് വിജയിച്ചത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡും ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീജല 59 വോട്ടുകൾക്കാണ് വിജയിച്ചത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനെയോ ജയ്‌ശങ്കറിനെയോ സാക്ഷാല്‍  നരേന്ദ്ര മോദിയെ തന്നെയോ കളത്തിലിറക്കുമെന്ന് കാലങ്ങളായി ബിജെപി തട്ടിവിട്ടിരുന്നു. ആ ‘തള്ളുകള്‍ക്ക്’ കൂടിയുള്ള താക്കിതാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News