അടിയന്തരാവസ്ഥ കാലമുതല്‍ തുടങ്ങിയ പോരാട്ടമാണ് യെച്ചൂരി അവസാന കാലാവരെയും നടത്തിയതെന്നും അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും തീരാനഷ്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷതക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പിന് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ പോരാട്ടത്തിന് ശക്തി പകര്‍ന്ന നേതാവാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തം
മറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. മതേതര ജനാധിപത്യ ഇന്ത്യയില്‍ ജനപക്ഷ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ സഖാവ് സീതാറാം യെച്ചൂരിയുടെ ദേഹവിയോഗം ഇടതുപക്ഷത്തിന് മാത്രമല്ല, എല്ലാ ജനാധിപത്യ വിശ്വസികള്‍ക്കും രാഷ്ട്രത്തിനും കനത്ത നഷ്ടമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സമകാലിക രാഷ്ട്രീയത്തില്‍ മതേതര മൂല്യങ്ങളും ജനാധിപത്യ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ധീര സഖാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം തന്നെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
സഖാവ് സീതാറാം യെച്ചൂരി ദാര്‍ശനിക വ്യക്തതയോടെ, ബഹുജന പ്രസ്ഥാനങ്ങള്‍ക്കായി ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത നേതാവായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ സമരങ്ങളിലൂടെ ജന നേതാവായി ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് തന്നെയും ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സി.പി.ഐ.എമ്മിനും വലിയ നഷ്ടമാണ് ഉണ്ടായത്. വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അത്ര അടുത്ത ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ALSO READ: കേരള ഹൗസ് നോർക്ക റൂട്ട്സ് എൻ.ആർ.കെ ഡെവലപ്മെൻ്റ് ഓഫീസറായി എസ്. സുഷമബായി ചുമതലയേറ്റു
അങ്ങേയറ്റം വിഷമകരമായ വാര്‍ത്തയെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത വേർപാട്, ഉൾക്കൊള്ളാനാവുന്നില്ല. ഇന്ത്യയിലെ ഇടതുപക്ഷത്തിന് വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ മുഖമായ അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം ദു:ഖകരം എന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ മന്ത്രി വി എൻ വാസവൻ അനുശോചിച്ചു.
ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്തുന്നതിന് രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വം നിർവഹിക്കാൻ അദ്ദേഹത്തിനായി. പാർലമെന്റേറിയൻ എന്ന നിലയിൽ ജനകീയ വിഷയങ്ങൾ പാർലമെന്റിൽ നിരന്തരം ഉന്നയിച്ച യെച്ചൂരിയുടെ വേർപാട് ഇന്ത്യൻ മതനിരപേക്ഷ മുന്നേറ്റത്തിന് കനത്ത നഷ്ടമാണെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു.
ALSO READ: മോദിയുടെ മുഖംമൂടി അഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍ രാജ്യത്തെ പുരോഗമന മതേതര രാഷ്ട്രീയത്തിനാകെ കനത്ത നഷ്ടമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഫിഷറീസ്, സാംസ്‌കാരിക, യുവജന കാര്യ വകുപ്പ് മന്ത്രിയുമായ സജി ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വ്യക്തമായ ദാര്‍ശനിക കാഴ്ചപ്പാടോടെ നോക്കിക്കാണുകയും മതേതര പുരോഗമന പക്ഷത്ത് നിന്നുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here