പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണം; കേരള മുസ്‌ലിം ജമാഅത്ത്

പലസ്തീൻ ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിന് അന്താരാഷ്ട്രസമൂഹവും യു എൻ അടക്കം ലോകസംഘടനക്കും പരിഹാരം കാണാൻ സാധിക്കാത്തത് കൊണ്ടാണ് പലസ്തീൻ ജനതയിൽ ഒരു വിഭാഗത്തെ ആയുധമേന്താൻ നിർബന്ധിതമാക്കിയതെന്നും, പലസ്തീൻ പ്രശ്നത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഈ യാഥാർഥ്യം മനസിലാക്കാതെ ഇസ്രയേലിനെ ന്യായീകരിക്കുന്നത് പശ്ചിമേഷ്യൻ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കും. പലസ്തീൻ ജനതയുടെ ജീവിതത്തെ അരക്ഷിതമാക്കിയതിന്റെ കാരണക്കാർ പടിഞ്ഞാറൻ രാജ്യങ്ങളാണ്. ഇസ്രയേലിനെതിരെ യു എൻ ൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ വീറ്റോ ചെയ്യുകയും ഇസ്രയേലിന് സാമ്പത്തികവും സായുധവുമായ സഹായം നൽകുകയും ചെയ്ത ലോകരാഷ്ട്രങ്ങൾ ഇസ്രയേൽ ആക്രമിക്കപ്പെടുമ്പോൾ മാത്രം മനുഷ്യജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെടുന്നത് തനി കാപട്യമാണ്.

Also read:വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റമെന്ന് എബിപി സീ വോട്ടർ സര്‍വേ

പലസ്തീനിലായാലും ഇസ്രയേലിലായാലും, നിരപരാധികൾ അക്രമിക്കപെടുന്നതും കൊല്ലപ്പെടുന്നതുമായ സാഹചര്യങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കേണ്ടത്. പലസ്തീനികളെയോ അവർക്കിടയിലെ സംഘടനകളെയോ ഭീകരവാദികളായി മുദ്രകുത്തി പരിഹരിക്കാവുന്ന പ്രശ്നമല്ല പശ്ചിമേഷ്യയുടേത്. അവിടെ ഭീകരതയെ രാഷ്ട്രീയായുധമായി കൊണ്ടുനടക്കുന്നത് ഇസ്രയേൽ രാഷ്ട്രമാണ്. അവർ നടത്തിയ എണ്ണമറ്റ മനുഷ്യക്കുരുതികളുടെ കാലത്ത് അന്തർദേശീയ സമൂഹം മൗനം പാലിച്ചതാണ്‌ പലസ്തീൻ ജനതയെ അരക്ഷിതത്വത്തിലേക്ക് തള്ളിവിട്ടത്. പ്രത്യാക്രമണത്തെ കുറിച്ച് അവർ ആലോചിച്ചുതുടങ്ങുന്നതും അങ്ങനെയാണ്. പോയകാലങ്ങളിലെ തെറ്റുകൾ പടിഞ്ഞാറൻ രാജ്യങ്ങൾ തിരുത്തുകയും പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുകയും ചെയ്യുകയാണ് മേഖലയിലെ സമാധാനം നിലനിർത്താനുള്ള ഏകമാർഗം.

Also read:സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

അത്തരം ആലോചനകൾക്ക് സമയം കണ്ടെത്താതെ, പലസ്തീനികളെ കൊന്നുതള്ളാനും ഗാസ്സയെ പൂർണമായി അധീനപ്പെടുത്താനുമുള്ള ഇസ്രയേലിന്റെ നിഷ്ടൂരതയ്ക്ക് പിന്തുണ നൽകുന്നത് എരിതീയിൽ എണ്ണ പകരലാണ്. പലസ്തീനിന്റെ കാര്യത്തിൽ അന്താരാഷ്ട്ര മര്യാദകൾ പാലിക്കാൻ ഇസ്രയേലിനെ നിർബന്ധിതമാക്കാൻ കൂടി ലോകരാഷ്ട്രങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ് വേണ്ടത്. യോഗത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, ബി.എസ് .അബ്ദുല്ലക്കുഞ്ഞി ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി സൈതലവി, എ. സൈഫുദ്ധീൻ ഹാജി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News