‘വിളച്ചിലെടുക്കല്ലേ’, തമിഴ്‌നാടിൻ്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കൊടും കുറ്റവാളിയെ കോഴിക്കോട് വെച്ച് പിടികൂടി കേരള പൊലീസ്

തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഘം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ. ലെനിനെ(40)യാണ് മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയത്. കോട്ടയം, കോഴിക്കോട് പൊലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപറേഷന്‍. ഇയാള്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു.

ALSO READ: നിയമനം സംബന്ധിച്ച ഹയർസെക്കൻഡറി കൊമേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

തമിഴ്‌നാട്ടില്‍ ബലാല്‍സംഘം, കൊലപാതക കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇയാളെ അമ്പലവയല്‍ കൂട്ട ബലാല്‍സംഘ കേസില്‍ വിചാരണക്കു മുമ്പുള്ള കുറ്റം വായിച്ചു കൊടുക്കല്‍ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്‌നാട് പൊലീസുകാരില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്്‌റ്റേഷന്‍ പരിധിയിലെ കാപ്പംകൊല്ലിയില്‍ വെച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെട്ട വിവരമറിഞ്ഞയുടന്‍ വയനാട് ജില്ലാ പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

ALSO READ: ‘ആദ്യം പൃഥ്വി അത് നിരസിച്ചു, രാവും പകലും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ മറ്റു നടന്മാരുടെ തീയതി മാറ്റി’, അലി അബ്ബാസ്

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാംകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്‍കി 17 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഘം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. അമ്പലവയല്‍ സ്‌റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്‌റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്‌റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്. എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News