വിദേശ വിനോദ സഞ്ചാരിയെ അതിശയിപ്പിച്ച് കേരള പൊലീസ്. കേരളാ പൊലീസിന്റെ ഹൈടെക് വേഗതയില്‍ കണ്ണുതള്ളിയത് ഇംഗ്ലീഷ് പൗരയായ എലനോര്‍ ബന്‍ടനാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഐ ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ അത് പെട്ടെന്ന് തിരികെ കിട്ടുമെന്ന് എലനോര്‍ പ്രതീക്ഷിച്ചിരിക്കില്ല. എലനോറിനെയും അമ്പരിപ്പിക്കുന്ന വേഗതയില്‍ കേരള പൊലീസ് എലനോറിന്റെ ഐ ഫോണ്‍ കണ്ടെടുത്ത് നല്‍കുകയായിരുന്നു.
ആലപ്പുഴ ബീച്ചില്‍ കറങ്ങി മടങ്ങിയതിന് ശേഷമാണ് ഐ ഫോണ്‍ നഷ്ടപ്പെട്ടത് എലനോര്‍ അറിയുന്നത്. സമയം കളയാതെ എലനോര്‍ സൈബര്‍ സെല്ലിലെത്തി വിവരം അറിയിച്ചു. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ സ്വിച്ച് ഓഫ്. സമയം കളയാതെ പൊലീസ് സംഘം സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധനയില്‍ എലനോര്‍ ബീച്ചില്‍ നിന്നും മടങ്ങിയ ഓട്ടോറിക്ഷയുടെ ദൃശ്യം കണ്ടെത്താന്‍ സാധിച്ചു. പക്ഷെ ദൃശ്യങ്ങളില്‍ ഓട്ടോയുടെ നമ്പര്‍ അവ്യക്തമായതിനാല്‍ എലനോര്‍ സഞ്ചരിച്ച ഓട്ടോ ഏതെന്ന് തിരിച്ചറിയാനായില്ല.
ഇതേ തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് നൂറോളം ഓട്ടോകളിലാണ് പരിശോധന നടന്നത്. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം എലനോര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. ആ ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ വീണുകിടക്കുകയായിരുന്നു എലനോറിന്റെ ഐ ഫോണ്‍. പിന്നീട് സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി എലനോര്‍ ഫോണ്‍ ഏറ്റുവാങ്ങി. അങ്ങനെ സൈബര്‍ സെല്ലും ഹാപ്പി, എലനോറും ഹാപ്പി. സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെപി വിനോദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ അഭിജിത്ത്, ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനിലെ ബിനോജ് എന്നിവരാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here