അഭിനന്ദനം… അഭിമാനം; അബിഗേലിനെ കണ്ടെത്തിയതിന് പിന്നില്‍ കേരളാ പൊലീസിന്റെ കഠിന പരിശ്രമം

നീണ്ട ഇരുപത് മണിക്കൂറുകള്‍…. കേരളത്തെ മുഴുവന്‍ ആശങ്കയുടേയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ നീണ്ട 20 മണിക്കൂര്‍… കൊല്ലം ഓയൂരില്‍ നിന്നും കാണാതായ അബിഗേല്‍ സാറ റെജിയെ കണ്ടെത്താന്‍ കേരളാ പൊലീസ് തുന്നിഞ്ഞിറങ്ങിയപ്പോള്‍ കേരളം മുഴുവന്‍ രാവും പകലും നോക്കാതെ കൂടെനിന്നു. കൊല്ലം ജില്ല മാത്രമല്ല, മറിച്ച് കേരളത്തിന്റെ മുക്കുംമൂലയും പൊലീസ് വളഞ്ഞപ്പോള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയുകയായിരുന്നു.

ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നത് കൂടുതല്‍ ആപത്താണ് എന്ന് തോന്നിയതിനാലാകാം പ്രതികള്‍ ഇരുട്ടിന്റെ മറപറ്റി കൊല്ലത്തെ ഊടുവഴികളിലൂടെ കുഞ്ഞിനേയും കൊണ്ട് പാഞ്ഞത്. എന്നാല്‍ അവിടെയും പൊലീസ് കച്ചമുറുക്കിയിറങ്ങിയതോടെ കുട്ടിയുമായി കടന്നുകളയാനുള്ള എല്ലാ വഴികളും പ്രതികള്‍ക്കുമുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.

Also Read : കുഞ്ഞിനെ കണ്ടെത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു

കൊല്ലം ജില്ലയിലെ ഓരോ മുക്കിലും മൂലയിലും പൊലീസ് എത്തി. എല്ലാ സിസിടിവികളും പരിശോധിച്ചു. കുഞ്ഞുമായി കടന്നുകളയാനുള്ള എല്ലാ വഴികളും പ്രതികള്‍ക്കുമുന്നില്‍ അടച്ചുകെട്ടുകയായിരുന്നു പൊലീസിന്റെ ആദ്യ ദൗത്യം. പ്രതികളെ ജില്ലവിട്ടുപോകാന്‍ കഴിയാത്ത പാകത്തില്‍ പൊലീസ് കുടുക്കിയതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നു.

വെല്ലുവിളികള്‍ നിരവധിയായിരുന്നു പൊലീസിന് മുന്നില്‍. പക്ഷേ അതൊന്നും സാരമാക്കാതെ പൊലീസ് അവള്‍ക്കായി തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. രാത്രിയില്‍പ്പോലും ഒരുപോള കണ്ണടയ്ക്കാതെ മുഴുവന്‍ പൊലീസ് സേനയും കൊല്ലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒരു നിമിഷം പോലും പാഴാക്കാതെ സാധ്യമാകുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് അവള്‍ക്കായി ഒരേലക്ഷ്യത്തോടെ പൊലീസ് പരിശ്രമിച്ചപ്പോള്‍ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കുകയല്ലാതെ പ്രതികള്‍ക്ക് മറ്റൊരു വഴിയും ഇല്ലാതാവുകയായിരുന്നു. ഒടുവില്‍ പൊലീസിന് മുന്നില്‍പിടിക്കപ്പെടുമെന്നായപ്പോള്‍ പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Also Read : കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

കേരളാ പൊലീസിന്റെ കഠിന പരിശ്രമത്തിന്റെ കൂടി ഫലമായാണ് അബിഗേല്‍ ഇപ്പോള്‍ തിരികെ അച്ഛനമ്മമാരുടെ അടുത്തേക്കെത്തിയത്. അരയും തലയും മുറുക്കി കേരളാ പൊലീസിറങ്ങിയാല്‍ ആര്‍ക്കും കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് ഈ സന്ദര്‍ഭവും അനുഭവവും നമുക്ക് മുന്നില്‍ കാട്ടിത്തരുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News