പൊലീസിനെ ഇരുപത്തിനാല് മണിക്കൂറും കുറ്റം പറയുന്നവർ അവർ ചെയ്യുന്ന നന്മകളെ കുറിച്ചും സംസാരിക്കാൻ ബാധ്യസ്ഥരാണ്. അത്തരത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിലേക്കുള്ള വഴി മറന്ന് അർധരാത്രിയിൽ നഗരത്തിലൂടെ അലഞ്ഞ വയോധികയെ സ്നേഹത്തോടെ ചേർത്തു പിടിച്ചു വഴികാട്ടിയ പൊലീസുകാരാണ് ഇപ്പോൾ സമൂഹ മാധ്യങ്ങൾ ഹീറോ ആകുന്നത്. നരേന്ദ്രപ്രസാദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കുറത്തികാട് വരേണിക്കൽ കാർത്തിക് ഭവനം ചന്ദ്രമതിയമ്മയെ (80) ആണ് എസ്ഐ എം.എസ്.എബിയുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തിച്ചത്.
പരിപാടികൾ ആസ്വദിച്ച ശേഷം ചന്ദ്രമതിയമ്മ റോഡിൽ എത്തിയെങ്കിലും ഓർമപ്പിശകിൽ വഴി തെറ്റുകയായിരുന്നു. പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘമാണ് കല്ലുമല–ബുദ്ധ ജംക്‌ഷൻ റോഡിലൂടെ ഇന്നലെ രാത്രി ഒന്നിനു നടന്നു പോയ ചന്ദ്രമതിയമ്മയെ കണ്ടത്. അസമയത്തു റോഡിൽ കണ്ട വയോധികയുടെ സമീപത്തു ജീപ്പ് നിർത്തി പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വഴി തെറ്റിയയതാണ് എന്ന് പൊലീസിന് മനസിലാകുന്നത്.
ഉടൻ തന്നെ പട്രോളിങ് സംഘം എസ്എച്ച്ഒ സി.ശ്രീജിത്തിനെ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസ് സ്റ്റേഷൻ അതിർത്തി പരിഗണിക്കാതെ ഇവർ വീടു കണ്ടെത്തി അമ്മയെ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.എസ്ഐ എബി, സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.റുക്‌സർ, സിവിൽ പൊലീസ് ഓഫിസർ ജി.കാർത്തിക് മോഹൻ, ഹോം ഗാർഡ് സുരേഷ് എന്നിവരാണ് അമ്മയെ കുറത്തികാട്ടെ വീട്ടിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here