തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടില്‍ വെച്ച് നടന്ന ഒരു കുറ്റകൃത്യം, സ്വഭാവികമായും തമിഴ്നാട് പൊലീസ് അന്വേഷിക്കേണ്ട ഒരു കേസ്… പിന്നെ എന്തുകൊണ്ടാണ് ഗ്രീഷ്മ കുറ്റക്കാരിയായ ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം കേരള പൊലീസിന് ലഭിച്ചത്? ഇതിന്റെ നിയമവശം കൃത്യമായിത്തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിനീത് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു. അതെങ്ങനെയെന്നല്ലേ ?
മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നും അതിസമര്‍ഥമായാണ് അന്വേഷണ സംഘം കേസ് അന്വേഷിച്ചതെന്നും കേസില്‍ വിധി പറഞ്ഞ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍. പൊലീസിന്റെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി നല്‍കിയ ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം.
എന്നാല്‍ ഇതൊന്നും അത്ര നിസ്സാരമായിരുന്നില്ല, കേരളാ പോലീസും സര്‍ക്കാരും ഒരുമിച്ച് പ്രയത്നിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് തമിഴ്നാട് പൊലീസിന് അന്വേഷണം ലഭിക്കാതിരുന്നതും കേരള പൊലീസ് അന്വേഷിച്ച് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയതും.
ഷാരോണ്‍ രാജ് കൊലക്കേസില്‍ അന്വേഷണം ഏറ്റെടുക്കാനും പ്രതിയെ കുടുക്കാനും കേരള പൊലീസിനെ സഹായിച്ചത് കൊലയാളി ഗ്രീഷ്മ നടത്തിയ ഒരേ ഒരു നീക്കം മാത്രമാണ്. കോടതി വിധിയിലെ 8, 9 പേജുകളിലെ 7,8 ഖണ്ഡികയില്‍ പറയുന്ന ‘തട്ടിക്കൊണ്ടുപോകലിലൂടെയാണ്’ ഗ്രീഷ്മ സ്വന്തം കുഴി കുഴിച്ച് തുടങ്ങിയത്.
ഗ്രീഷ്മയുടെ ആവശ്യപ്രകാരമാണ് പാറശ്ശാലയിലെ വീട്ടില്‍ നിന്നും ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടില്‍ എത്തിയത്. ഇത് കേരള പൊലീസിന് കച്ചിത്തുരുമ്പായി. ഇത് അന്വേഷണം തങ്ങളുടെ കൈകളില്‍ നിര്‍ത്താനുള്ള പ്രധാന കാരണം തന്നെയായിരുന്നു.
വീട്ടില്‍ അമ്മയും അമ്മാവനും ഇല്ലെന്നു പറഞ്ഞ് ഗ്രീഷ്മ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയതിനെ, തട്ടിക്കൊണ്ടുപോകലായി കോടതി പരിഗണിക്കുക കൂടി ചെയ്തപ്പോള്‍ കേരള പൊലീസിന് മറ്റൊന്നും നോക്കേണ്ടി വന്നില്ല.
ഫോണില്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചാണ് ഗ്രീഷ്മ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഷാരോണിനെ നിര്‍ബന്ധപൂര്‍വം പൂവമ്പള്ളിക്കോണത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഈ നീക്കം തട്ടിക്കൊണ്ടുപോകലാണെന്നും കോടതി കണ്ടെത്തി.
കുറ്റകൃത്യത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്ന് സ്ഥാപിക്കാന്‍ കേരള പൊലീസിനെ സഹായിച്ചതും ഇതാണ്. തട്ടിക്കൊണ്ടുപോകല്‍ കൊലപാതകത്തിലേക്കു നയിച്ചുവെന്ന് കേസിന്റെ വിചാരണ വേളയില്‍ കേരള പൊലീസിന് തെളിയിക്കാന്‍ സാധിച്ചിരുന്നു.
നിയമപരമായി, കൃത്യം നടന്ന സ്ഥലത്തെ പൊലീസിനാണ് അന്വേഷണച്ചുമതല, അതായത് തമിഴ്നാട് പൊലീസിന്. എന്നാല്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാല്‍ ഒരുപക്ഷേ കേരളത്തില്‍ ലഭിക്കുന്ന പ്രാധാന്യം നഷ്ടപ്പെടുമോ എന്ന് കേരള പൊലീസ് സംശയിച്ചു. കുറ്റവാളി രക്ഷപ്പെടുള്ള സാധ്യതയും ചെറുതല്ല.
തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. എങ്ങനെയും നിയമപരമായി കേസ് അന്വേഷണം കേരളാ പൊലീസിന്റെ കൈകളിലേക്കെത്തണം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാരോണിനെ ഗ്രീഷ്മ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ് എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അതോടെ തട്ടിക്കൊണ്ടു പോയതിനും ഗ്രീഷ്മയ്ക്കെതിരെ കേസെടുത്തു. അതിന്റെ തെളിവുകളും നിരത്തി കേസ് കേരളത്തില്‍ നിലനിര്‍ത്താനും കഴിഞ്ഞു. ഈ നിലപാട് കോടതിയും അംഗീകരിച്ചതോടെ അന്വേഷണം ധ്രുതഗതിയിലായി.
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധിയില്‍ ‘തട്ടിക്കൊണ്ടു പോകല്‍’ കുറ്റത്തിനും ശിക്ഷ നല്‍കിയതോടെ നിയമപരമായി കേസ് കൂടുതല്‍ ദൃഢവും ശക്തവുമായി. കൊലപാതകം ലക്ഷ്യം വച്ചുള്ള തട്ടിക്കൊണ്ടുപോകല്‍ എന്ന കുറ്റകൃത്യം ഗ്രീഷ്മ നടത്തിയെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ കേരള പൊലീസിന് സാധിച്ചു.
ഷാരോണിനെ വിളിക്കുന്നതിന് മുന്‍പ് തന്നെ കഷായത്തില്‍ കലര്‍ത്താനുള്ള വിഷവസ്തു ഗ്രീഷ്മയുടെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇക്കാര്യം ഗൂഗിളില്‍ തെരഞ്ഞതായും പൊലീസ് തെളിവ് നല്‍കിയതോടെ ഗ്രീഷ്മയ്ക്ക് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടയുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ വെച്ചാണ് ഷാരോണിന് വിഷം കലര്‍ത്തിയ കശായം ഗ്രീഷ്മ നല്‍കിയതെന്ന് കൂടി തെളിഞ്ഞതോടെ കേസിന്റെ മുഖം തന്നെ മാറി.
തട്ടിക്കൊണ്ടുപോകല്‍ വകുപ്പില്ലാതെ കൊലപാതകം മാത്രമായിരുന്നുവെങ്കില്‍ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടില്‍ മാത്രമാവുമായിരുന്നു. അന്വേഷണം തമിഴ്നാട് പൊലീസിനും പോകുമായിരുന്നു. എന്നാല്‍ അതിന് കേരള പൊലീസ് ഒരുക്കമായിരുന്നില്ല. കൃത്യമായി കേസ് അന്വേഷിക്കപ്പെടണം, കുറ്റവാളി നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണം. ഈ ലക്ഷ്യം മാത്രമായിരുന്നു കേരള പൊലീസിനുണ്ടായിരുന്നത്. തുടര്‍ന്ന് കേസില്‍ കേരള പോലീസിന്റെ സമയോചിതമായ നിര്‍ണായക ഇടപെടല്‍. അത് ഫലംകണ്ടതോടെ ചുരുളഴിഞ്ഞത് സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച പ്രണയ വഞ്ചനയുടെ ആരും കേള്‍ക്കാത്ത ഒരു കഥയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here