ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

തൃശൂർ ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനായി കേരള പൊലീസും അന്വേഷണം തുടങ്ങി. യുവതിയുടെ ഭർത്താവ് ഇന്ത്യയിലെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചാലക്കുടി സ്വദേശിനി ഡോണയാണ് ഒരാഴ്ച മുൻപു കാനഡയിൽ മരിച്ചത്. ചാലക്കുടി പാലസ് റോഡിൽ പടിക്കല വീട്ടിൽ സാജന്റെയും ഫ്ലോറയുടെയും മകൾ 30 വയസുള്ള ഡോണയാണ് മെയ് ആറാം തീയതി കാനഡയിൽ മരിച്ചത്. പൂട്ടിക്കിടന്ന വീട് തുറന്ന് അകത്തുകയറിയാണു കനേഡിയൻ പൊലീസ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം; തൃശൂർ സ്വദേശി പിടിയിൽ

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭർത്താവ് ചാലക്കുടി കുറ്റിച്ചിറ സ്വദേശി കണ്ണമ്പുഴ വീട്ടിൽ ലാൽ കെ.പൗലോസിനെ കാണാനില്ലെന്നു വ്യക്തമായി. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചത്. ലാലിനെ കണ്ടെത്താനായി കനേഡിയൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്‌തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്‌ഥർക്കു വിവരം ലഭിച്ചു. ഇതിനിടെ ഡോണയുടെ ബന്ധുക്കൾ കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

Also Read: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് പ്രതികൾ പിടിയിൽ

ഈ സാഹചര്യത്തിലാണ് കേരള പോലീസും ഇയാളെക്കുറിച്ച് അന്വേഷിക്കുന്നത്. മെയ് 16 ന് കാനഡയിലുള്ള ഇവരുടെ ബന്ധുക്കൾക്കു ഡോണയുടെ മൃതദേഹം കാണാൻ അനുമതി ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു ഡോണയുടെ പിതാവ് സാജൻ പടിക്കല അറിയിച്ചു. മൂന്നു വർഷം മുൻപായിരുന്നു ലാലിൻ്റെയും ഡോണയുടെയും വിവാഹം. ലാൽ ചൂതുകളിച്ച് ഒട്ടേറെ പണം നഷ്ടപ്പെടുത്തിയിട്ടുള്ളതായും ഇത് ഡോണ എതിർത്തിരുന്നതായും സൂചനയുണ്ട്. മരുമകനായ ലാൽ മകളെ കൊലപ്പെടുത്തിയതാണെന്ന സംശയം ഡോണയുടെ മാതാപിതാക്കൾക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here