പൊതുമരാമത്ത് വകുപ്പ് ‘ടോപ്പ് ഗിയറില്‍’, 83 പ്രവൃത്തികളുടെ ഭരണാനുമതിക്ക് പിന്നാലെ 26 പ്രവൃത്തികള്‍ പരിശോധനയ്ക്ക് കൈമാറി

2023-24 വർഷത്തെ ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക്  ഭരണാനുമതി നൽകിയതിന് പുറമെ 198.69 കോടി രൂപയുടെ 26 പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ പരിശോധനക്ക് കൈമാറി പൊതുമരാമത്ത് വകുപ്പ്. 20 റോഡ് പ്രവൃത്തിയും 6 പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്. പൊതുമരാമത്ത് പദ്ധതികള്‍ വേഗത്തിലാക്കാൻ പ്രവൃത്തി കലണ്ടര്‍ നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

റോഡ്, പാലം വിഭാഗങ്ങളിലായി ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം  234.86 കോടി രൂപയുടെ 83 പ്രവൃത്തികൾക്ക് അനുമതിയായത് നേരത്തെ  വാര്‍ത്തയായിരുന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ്  ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയുമധികം പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കുന്നത്.

234.36 കോടിയുടെ 82 റോഡ് പ്രവൃത്തികൾക്കും പാലം വിഭാഗത്തിനു കീഴില്‍ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കുമാണ് അനുമതി നല്‍കിയത്. കൂടാതെ 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികള്‍ക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യമില്ലാത്ത 20 ശതമാനം വിഹിതമുള്ള പ്രവൃത്തികള്‍ക്ക് ജൂണ്‍ മാസത്തിനകം ഭരണാനുമതി ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു . ഇതുപ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ പരിശോധിച്ചാണ് 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയത് .

ഇപ്പോള്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ക്ക് നിശ്ചിത സമയത്തിനകം സാങ്കേതിക അനുമതി നല്‍കാനും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട് . കൂടുതല്‍ പദ്ധതികള്‍ ഉള്ള നിരത്ത് വിഭാഗത്തില്‍ ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കൃത്യമായി പ്രവൃത്തികള്‍ ആരംഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News