രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം 59.31 മാർക്കോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാം തീമിലും കേരളമാണ് ഒന്നാമത്.
ധനകാര്യ മാനേജ്മെന്റിലെ മികവിലും കേരളം ഒന്നാമത് എത്തി. ഏറ്റവും സുശക്തമായ നഗരസഭാ കൗൺസിലുകളും, കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്സെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രജയെന്ന ഏജൻസിയാണ് ഇൻഡക്സ് തയ്യാറാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here