കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു, 3 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു: മുഖ്യമന്ത്രി

കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണെന്നും മൂന്ന് ലക്ഷം തൊ‍ഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യംവെച്ചതെങ്കില്‍ 140000 സംരംഭം ആരംഭിക്കാനായെന്നും 8500 കോടിയുടെ നിക്ഷേപം ഇതിലൂടെ കേരളത്തിലെത്തിക്കാന്‍ ക‍ഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സമ്മേളനം കോ‍ഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം വ്യാപാരി സമൂഹത്തെ മാത്രം കണ്ടുള്ള പ്രവർത്തനം അല്ല വ്യാപാരി വ്യവസായി സമിതിയുടേത്. എല്ലാ മേഖലകളിലും മികച്ച ഇടപെടൽ നടത്തി.കൊവിഡ് കാലത്ത് സ്വന്തം ബുദ്ധിമുട്ട് മറന്ന് മറ്റുള്ളവർക്ക് സഹായകരമായ നിരവധി കാര്യങ്ങൾ സംഘടന ചെയ്തതായും  മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായങ്ങളെയും സംരഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആണ് കഴിഞ്ഞ 7 വർഷ മായി സർക്കാർ സ്വീകരിക്കുന്നത്. ബഹു രാഷ്ട്രകമ്പനികൾ വരെ ഇവിടെ നിക്ഷേപം നടത്തുകയാണ്. നിരവധി വൻകിട കമ്പനികൾ വരെ കേരളത്തിൽ സ്റ്റാർട്ട് അപ്പ് നടത്തുന്നു. കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം അല്ലെന്ന പ്രചാരണത്തിന് പുറകിൽ നിക്ഷേപകരല്ല, നിക്ഷിപ്ത താല്പര്യക്കാരാണ്. കേരളത്തെ ഇകഴ്ത്തി കാട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം- മുഖ്യമന്ത്രി പറഞ്ഞു.

ഒരുഭാഗത്ത് കേന്ദ്രം തൊഴിലാളികളെ പട്ടിണിക്കിട്ടു കൊല്ലുമ്പോള്‍ മറുഭാഗത്ത് കേരളം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.ഇതിലേതാണ് വ്യവസായ സൗഹൃദം എന്ന് മനസ്സിലാക്കണം.

സംരഭങ്ങളെയും വ്യവസായങ്ങളെയും സാങ്കേതിക സർവ്വകലാശാലയുമായി ബന്ധിപ്പിക്കും.
‘കേരള ബ്രാൻ്റ് ‘  ലേബലിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്.

വികസന കാര്യത്തിൽ നടക്കില്ല എന്ന് പറഞ്ഞ പല പദ്ധതികളും നടപ്പിലാവുകയാണ്. ഗെയ്ൽ കമ്പനി നേരത്തെ ഓഫീസ് പൂട്ടി പോയവരാണ്, ഇപ്പോൾ പലയിടത്തും ഗ്യാസ് എത്തിത്തുടങ്ങി.തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ വരുന്നു. ദേശീയപാത വികസനം എല്ലാവരും കാണുന്നുണ്ട്. നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും കേരളത്തിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാവർത്തികമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration