അറബിക് കലോത്സവം: അവതരണത്തില്‍ തനിമ നിലനിര്‍ത്തി മത്സരാര്‍ഥികള്‍

അറബിക് കലോത്സവത്തിന്റെ പൊലിമയില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം. തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍ ഖുറാന്‍ പാരായണം, മുഷര എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്ന് 14 കുട്ടികളാണ് ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. ഖുറാന്‍ പാരായണ വിദഗ്ധരായ അല്‍ ഹാഫിസ് മുഹമ്മദ് ഉനൈസ് അബ്രറി, ഡോ. മുഹമ്മദ് ഇസ്മായില്‍, ഷിബഹുദ്ദീന്‍ മൗലവി എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. മത്സരാര്‍ഥികള്‍ക്ക് മികച്ച പ്രോത്സാഹനമാണ് പ്രേക്ഷകര്‍ നല്‍കിയത്.

വേദി പതിനാറായ ചാലിയാറില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറി. അറബിക് ശീലുകളുമായി മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പ്രോത്സാഹനവും പിന്തുണയും അവര്‍ക്ക് പ്രചോദനമേകി. ശിശുക്ഷേമ സമിതി ഹാളില്‍ ഉച്ചയ്ക്ക് 1.45ന് തുടങ്ങിയ അറബിക് ഗാനമത്സരം മൂന്ന് ക്ലസ്റ്ററുകള്‍ പിന്നിട്ട് നാല് മണിയോടെയാണ് സമാപിച്ചത്. വിധിനിര്‍ണയത്തിന്ന് എത്തിയത് പ്രൊഫ. ഡോ. അബ്ദു പദിയില്‍, റഹ്മാന്‍ വാഴക്കാട്,അബ്ദുള്ള കരുവാരക്കുണ്ട് എന്നിവരാണ്.

Read Also: കലോത്സവ ഓർമകളുമായി പുത്തരിക്കണ്ടത്ത് ഫോട്ടോ പ്രദർശനം

തൈക്കാട് മോഡല്‍ എച്ച്എസ്എസിലെ കടലുണ്ടിപുഴ വേദിയില്‍ മുഷര മത്സരം നടന്നു. 13 കുട്ടികളാണ് മത്സരിച്ചത്. ഖുറാനിലെ അക്ഷരശ്ലോകങ്ങളെല്ലാം മത്സരാര്‍ഥികള്‍ വളരെ അക്ഷരസ്ഫുടതയോടെ ചൊല്ലി അവതരിപ്പിച്ചു. ഖുറാന്‍ വിദഗ്ധരായ അല്‍ ഹഫീസ് മുഹമ്മദ് ഉനൈസ് അബ്രറി, പിഎ അഷറഫ് മണ്ണാന്‍ചേരി, ഡോ. കെ ഷേഖ് മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വേദി പതിനാറായ ചാലിയാറില്‍ കാണികളെ വിസ്മയിപ്പിച്ച അറബിക് മോണോ ആക്ട് പ്രകടനങ്ങള്‍ അരങ്ങേറി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വന്ന കലാകാരന്മാര്‍ അവരുടെ കലാമികവ് വേദിയില്‍ പ്രകടിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. നാല് ക്ലസ്റ്ററുകളിലായി നടത്തപ്പെട്ട അറബിക്ക് മോണോ ആക്ട് മത്സരം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുകയും ആറുമണിയോടെ സമാപിക്കുകയും ചെയ്തു. ഡോ. ജെ ബദറുദ്ദീന്‍ ആശാന്റെയ്യത്ത്, ഫൈസല്‍ കെ, ഡോ. അബ്ദുല്‍ മജീദ് അടങ്ങിയ മൂന്നംഗ വിധി നിര്‍ണയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് കലാകാരന്മാര്‍ മോണോ ആക്ടുകള്‍ ചിട്ടപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here