സംസ്ഥാന സ്‌കൂൾ കലോത്സവം മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും മാത്രം വേദിയല്ല, മറിച്ച് ഒത്തുചേരലുകളുടെയും ഇടമാണ്. മുൻപ് കലോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമകളും വിശേഷങ്ങളുമൊക്കെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുന്നത് സന്തോഷം ഇരട്ടിയാകും. അത്തരത്തിലുള്ള ഒരു ഒത്തുചേരൽ ഇപ്പോൾ കലോത്സവ വേദിയായ ഗവ. വിമൻസ് കോളേജിലെ പെരിയാറിൽ നടന്നിട്ടുണ്ട്.
അത് മറ്റാരുടേയുമല്ല, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടലാണത്. പ്രശസ്ത്ര സിനിമാ, സീരിയൽ താരവും ഇപ്പോൾ മെഡിക്കൽ കോളേജ് ഒഫ്ത്താൽമോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയൽ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ALSO READ; കണ്ണൂര്‍ കിരീടം നിലനിര്‍ത്തുമോ? കാത്തിരിപ്പ് ഒരൊറ്റ സ്വര്‍ണക്കപ്പിനായി!
ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും മന്ത്രി വീണാ ജോർജ് പിജിയ്ക്കുമാണ് അന്ന് വിമൻസ് കോളേജിൽ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു. വിമൻസ് കോളേജിലെ പഠനം കഴിഞ്ഞ് വളരെ കാലങ്ങൾക്ക് ശേഷമാണ് ഇവർ ഒരുമിച്ച് ഒത്തുകൂടുന്നത്. യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ സ്‌കിറ്റ്, ഡാൻസ്, മൈം തുടങ്ങിയവയിൽ പങ്കെടുത്ത വലിയ ഓർമ്മകൾ പുതുക്കൽ കൂടിയാണ് ഈ കലോത്സവ വേദി.
വളരെ മനോഹരമായ ഓർമ്മകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവിടത്തെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തപ്പോൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം ഇപ്പോഴും ഓർക്കുന്നുവെന്നും ചിലങ്കയുടെ ശബ്ദം കേൾക്കുമ്പോഴും കർട്ടൻ ഉയരുമ്പോഴും ചെസ്റ്റ് നമ്പർ വിളിക്കുമ്പോഴും പഴയകാലം ഓർത്തു പോകുന്നുവെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here