ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ വാര്‍ത്തെടുക്കണം: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ വാര്‍ത്തെടുക്കാന്‍ സാങ്കേതിക സര്‍വകലാശാല നിസ്തുലമായ പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആവശ്യമായ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പില്‍ശാലയുടെ മുഖച്ഛായ മാറ്റുന്ന എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാങ്കേതിക സംവിധാനങ്ങള്‍ നാടിന്റെ നന്മക്കായി ഉപഗോഗിക്കാന്‍ നമുക്ക് കഴിയണം. ശാസ്ത്ര മുന്നേറ്റങ്ങള്‍ക്കായി ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ വാര്‍ത്തെടുക്കുവാനുള്ള ശേഷി വികസനം നടത്തുകയെന്നത് സാങ്കേതിക സര്‍വകലാശാലയുടെ ഉത്തരവാദിത്ത്വമായി ഏറ്റെടുക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചു വരുന്നുണ്ട്. ഇതിനെ നേരിടുവാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുവാന്‍ സര്‍വകലാശാല മുന്നോട്ടു വരണം,’ അദ്ദേഹം പറഞ്ഞു.

ALSO READ:  രാത്രിയില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത പത്ത് ആഹാരങ്ങള്‍

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കാട്ടാക്കട എം എല്‍ എ അഡ്വ. ഐ ബി സതീഷ്, വര്‍ക്കല എം എല്‍ എ അഡ്വ. വി ജോയ്, വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി കെ ബിജു, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം എസ് രാജശ്രീ, രജിസ്ട്രാര്‍ ഡോ എ പ്രവീണ്‍, ജില്ലാ പഞ്ചായത്തു ക്ഷേമ കാര്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത്, നേമം ബ്ലോക്ക് പഞ്ചായത്ത്, വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭരണ സംവിധാനങ്ങള്‍ ഇവിടേയ്ക്ക് മാറ്റാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്.

2015 ഇല്‍ രുപീകൃതമായെങ്കിലും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എംബിഎ ബ്ലോക്കിലെ ഒരു താല്ക്കാലിക സംവിധാനത്തിലാണ് സര്‍വകലാശാലയുടെ ആസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നത്.

വിളപ്പില്‍ പഞ്ചായത്തിലെ നെടുംകുഴി പ്രദേശത്ത് 50 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാലയ്ക്കായി ഏറ്റെടുത്തിട്ടുള്ളത്. സര്‍വ്വേ ജോലികളെല്ലാം കൃത്യതയോടെ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം 2021 ജനുവരി 22 ന് പുറപ്പെടുവിച്ചിരുന്നു. സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുകയായ 185 കോടി രൂപ 135 ഭൂവുടമകള്‍ക്ക് നല്‍കിയത്.

റെക്കോര്‍ഡ് വേഗത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ഈ 2024-25 ബജറ്റില്‍ 71 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇപ്പോള്‍ സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് 42 കോടിയുടെ നിര്‍മ്മാണത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 7 നിലകളോടുകൂടി നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള ആധുനിക അഡ്മിനിസ്ട്രേറ്റീവ് സൗകര്യങ്ങള്‍ ലഭ്യമാകും.

ALSO READ:  പേട്ടയില്‍ കാണാതായ കുട്ടിയുടെ ഡിഎന്‍എ ഫലം വന്നു; ഒപ്പമുള്ളത് മാതാപിതാക്കള്‍ തന്നെ

1000 കോടിയിലധികം രൂപ ചിലവില്‍ വിവിധ ഘട്ടമായാണ് ആസ്ഥാനമന്ദിരമുള്‍പ്പടെയുള്ള സമ്പൂര്‍ണ ക്യാമ്പസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക്ക് ബ്ലോക്കുകള്‍, ആഡിറ്റോറിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, റിസര്‍ച്ച് പാര്‍ക്ക്, ട്രാന്‍സ്ലേഷനല്‍ റിസര്‍ച് സെന്റര്‍, സ്റ്റാര്‍ട്ട് അപ്, ഇന്‍ക്യൂബേഷന്‍ യൂണിറ്‌സ്, പ്രവേശന കവാടങ്ങള്‍, അനുബന്ധ റോഡുകള്‍, ലൈബ്രറി, ലബോറട്ടറി വര്‍ക്ക്‌ഷോപ്പുകള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, സ്റ്റഡി തീയേറ്ററുകള്‍, ടെക്‌നോളജി പാര്‍ക്ക്, ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഔട്ട്‌ഡോര്‍ സ്റ്റേഡിയം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സെന്‍ട്രല്‍ റിക്രിയേഷണല്‍ പാര്‍ക്ക് തുടങ്ങിയവ ക്യാമ്പസ്സിന്റെ ഭാഗമായി നിര്‍മ്മിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News