സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 1 ന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ വീടുകളില്‍ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗാന്ധിജയന്തിയോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സംവാദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി 2024-25 അദ്ധ്യയന വര്‍ഷം വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂണ്‍ 26 ന് ആന്റി ഡ്രഗ് പാര്‍ലമെന്റ് സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിപാടിയാണ് സംവാദ സദസ്സ്. നവംബര്‍ 1 ന് കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലൂടെ എല്ലാ കുടുംബങ്ങളിലും എത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 14 ന് ശിശുദിന ലഹരി വിരുദ്ധ അസംബ്ലിയും ഡിസംബര്‍ 10 ന് ലഹരി വിരുദ്ധ സെമിനാറും സ്‌കൂളുകളില്‍ സംഘടിപ്പിക്കും. ഇതിന്റെ തുടര്‍ച്ചയായി 2025 ജനുവരി 30 ന് ക്ലാസ്സ് സഭകളും ചേരും. ലഹരി മുക്ത ക്യാമ്പസ് എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതിനായി മുന്‍കൈ എടുക്കേണ്ടത് കുട്ടികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അഡ്വ. ആന്റണി രാജു എം എല്‍ എ അധ്യക്ഷനായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here