കേരളം ഇന്ന് കേവലം കൊച്ചു കേരളമല്ല, ലോക കേരളമാണ്: മുഖ്യമന്ത്രി

ലോക കേരള സഭ എന്ന ആശയത്തിന് രൂപം കൊടുത്തതിനെപ്പറ്റി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ലോക കേരളസഭയുടെ പ്രാധാന്യത്തെപ്പറ്റി വിശദമാക്കിയത്. കേരളം ഇന്ന് കേവലം കൊച്ചു കേരളമല്ല ലോക കേരളമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ എല്ലാം ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്നവരാണ് മലയാളി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

കൊച്ചു കേരളം, ലോക കേരളമായി വളർന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക കേരളസഭയ്ക്ക് രൂപം നൽകിയത്. അതിലൂടെ ലോകത്താകെയുള്ള കേരളീയർക്കും കേരള സർക്കാരിനും പരസ്പരം ആശയവിനിമയം നടത്താനും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കാനും ഉള്ള ഒരു ഔദ്യോഗിക സംവിധാനമാണ് ഒരുക്കിയത്. അത് എത്രത്തോളം ഫലപ്രദമായിട്ടുണ്ട് എന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുതന്നെ വ്യക്തമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ പ്രസക്തഭാഗം

നൂറു വർഷം മുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഒരു ചെറിയ തീരപ്രദേശത്തു മാത്രം ഉണ്ടായിരുന്നവരായിരുന്നു കേരളീയർ. എന്നാൽ ഇന്ന്, ലോകത്തിന്റെ എല്ലാം ഭൂഖണ്ഡങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളീയർ. അതായത് കേരളം ഇന്ന് കേവലം കൊച്ചു കേരളമല്ല, മറിച്ച്, ലോക കേരളമാണ്.

കൊച്ചു കേരളം, ലോക കേരളമായി വളർന്നതിന്റെ പശ്ചാത്തലത്തിലാണ് നമ്മൾ ലോക കേരളസഭയ്ക്ക് രൂപം നൽകിയത്. അതിലൂടെ ലോകത്താകെയുള്ള കേരളീയർക്കും കേരള സർക്കാരിനും പരസ്പരം ആശയവിനിമയം നടത്താനും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കാനും ഉള്ള ഒരു ഔദ്യോഗിക സംവിധാനമാണ് നമ്മൾ ഒരുക്കിയത്. അത് എത്രത്തോളം ഫലപ്രദമായിട്ടുണ്ട് എന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരിയുടെയും യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഒക്കെ ഘട്ടങ്ങളിൽ ലോക കേരളസഭയുടെയും അതിലൂടെ കേരള സർക്കാരിന്റെയും കരുതൽ സ്പർശം അനുഭവിച്ചവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികൾ.

Also Read; സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസ് രാഷ്ട്രീയ പകപോക്കലല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

2018 ലും 2020 ലും 2022 ലുമായി ലോക കേരളസഭയുടെ മൂന്ന് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടുകൂടി രണ്ടു വർഷത്തിലൊരിക്കൽ സമ്മേളിക്കണം എന്ന തീരുമാനം ഏറെക്കുറെ നടപ്പായിട്ടുണ്ട്. പ്രവാസികളിൽ ചിലരെ കേരളത്തിൽ വിളിച്ചുവരുത്തി പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും കേരളത്തിന്റെ വികസനത്തിൽ അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് മേഖലാ സമ്മേളനങ്ങൾ നടത്തണം എന്ന് ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തിൽ തന്നെ തീരുമാനിച്ചത്.

2019 ൽ തന്നെ ഗൾഫ് മേഖലാ സമ്മേളനം നടത്തിയിരുന്നു. തൊട്ടടുത്ത വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതു കൊണ്ട് കഴിഞ്ഞ വർഷം മാത്രമാണ് രണ്ടാമത്തെ മേഖലാ സമ്മേളനം സംഘടിപ്പിക്കാൻ കഴിഞ്ഞത്. 2022 ലെ യൂറോപ്പ്, യു കെ മേഖലാ സമ്മേളനത്തിനും ശേഷം മൂന്നാമത്തേതായാണ് ഈ അമേരിക്കൻ മേഖലാ സമ്മേളനം നടത്തുന്നത്.

2020 ലെ കേരള മൈഗ്രേഷൻ സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം ഏതാണ്ട് 21 ലക്ഷത്തോളം മലയാളികളാണ് പ്രവാസജീവിതം നയിക്കുന്നത്. അനൗദ്യോഗികമായി 35 മുതൽ 40 ലക്ഷം പേർ വരെയെങ്കിലും പ്രവാസികളായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിലാണ് ഉള്ളത്, ഏകദേശം 28-30 ലക്ഷം പേർ. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡം. കേരളത്തിൽ നിന്നുള്ള ഏകദേശം 8 ലക്ഷത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കയിലേക്കുള്ള മലയാളികളുടെ കാര്യമായ തോതിലുള്ള പ്രവാസം 1960 കളുടെ രണ്ടാം പാദത്തിൽ തന്നെ ആരംഭിച്ചിരുന്നു. ആറു ദശാബ്ദത്തിനിപ്പുറം ഇന്നിപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ മലയാളികളുള്ള സമൂഹമായി ഇതു മാറിയിരിക്കുന്നു. വർഷങ്ങളായി ഇവിടെ തൊഴിൽ ചെയ്ത് ജീവിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരും ഇവിടെ ജനിച്ചു വളർന്നവരും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഈയടുത്തിടെ ഇവിടെ വന്നവരും എന്നിങ്ങനെ പ്രവാസജീവിതത്തിന്റെ പല തലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള മലയാളികൾ.

Also Read: ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

ആ നിലയ്ക്ക്, കേരളീയരുള്ള ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് സവിശേഷമായ വിഷയങ്ങളാണ് അമേരിക്കയിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ഈ അമേരിക്കൻ മേഖലാ സമ്മേളനത്തെ കേരള സർക്കാരും ലോക കേരളസഭയും നോർക്കയും എല്ലാം കാണുന്നത്.

ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനു ശേഷമാണല്ലോ ഈ മേഖലാ സമ്മേളനം നടക്കുന്നത്. അതുകൊണ്ട്, ആ സമ്മേളനത്തിനു ശേഷം കൈക്കൊണ്ടിട്ടുള്ള നടപടികളെക്കുറിച്ച് ഒന്ന് സൂചിപ്പിക്കട്ടെ. 62 വിദേശ രാജ്യങ്ങളിൽ നിന്നും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തിരുന്നു. 648 ശുപാർശകളാണ് ആ സമ്മേളനത്തിൽ ഉയർന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ കൂടിയാലോചിച്ച് അവയുടെ അവലോകനം നടത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തിൽ അവയെ 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

56 ശുപാർശകൾ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. ലോക കേരളസഭയുടെ സെക്രട്ടേറിയേറ്റ് ഒരു ഇംപ്ലിമെന്റേഷൻ ഏജൻസി അല്ലാത്തതിനാൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാർശകൾ കൈകാര്യം ചെയ്തുവരുന്നത്. ലോക കേരളസഭയുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാർശകൾ ബന്ധപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളിൽ ഡെപ്യൂട്ടി / അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

രണ്ടാം ലോക കേരളസഭ മുതൽ തുടർച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. പ്രധാനമായും അമേരിക്കയിലെ പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്. ഇക്കഴിഞ്ഞ മേയ് 17 ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യൂ പരാതികൾ സ്വീകരിക്കാൻ ‘പ്രവാസി മിത്രം’ എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട് എന്നറിയിക്കട്ടെ. രണ്ടാം ലോക കേരളസഭയിൽ ഉയർന്നുവന്ന മറ്റൊരു നിർദ്ദേശമാണ് നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അതും സജ്ജമാണ് എന്നറിയിക്കട്ടെ. തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നോർക്ക റൂട്‌സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നറിയിക്കട്ടെ.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവൻ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുൻനിർത്തി നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തിവരുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷങ്ങൾക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ അഞ്ചിരട്ടി വർദ്ധനയാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളത്. തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600 ൽ അധികം സംരംഭങ്ങൾ ഇതിനോടകം വിജയകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പുനരധിവാസ പദ്ധതികൾക്കു പുറമെ കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുനരധിവാസ പദ്ധതികൾ പോലെ പ്രാധാന്യമർഹിക്കുന്നവയാണ് നോർക്കയുടെ സമാശ്വാസ പദ്ധതികൾ. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600 ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപയാണ് ചിലവഴിച്ചത്.

കൊവിഡ് പ്രതിസന്ധി കാലത്ത് നടത്തിയ ഇടപെടലുകൾ പോലെ തന്നെ പ്രധാനമാണ് യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട ഇടങ്ങളിൽ നിന്ന് മലയാളിപ്രവാസികളെ നാട്ടിലെത്തിക്കാനായി നടത്തിയ ഇടപെടലുകൾ. ലോക കേരളസഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഏകോപനത്തോടെയാണ് അവ ഫലപ്രദമായി നടപ്പിലാക്കിയത്.

അടിയന്തര ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ മിഷനുകളുമായും ചേർന്ന് പ്രവർത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളിൽ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിൻ, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, സുഡാൻ, എന്നീ രാജ്യങ്ങളിൽ നിന്നും ഏറ്റവുമൊടുവിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടനകളും നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഈ ഘട്ടത്തിൽ ഹാർദ്ദമായി അഭിനന്ദിക്കട്ടെ.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താൻ നടത്തുന്ന ഇടപെടലുകൾ. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാറി യൂറോപ്പിൽ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ നോർക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

നോർക്ക റൂട്ട്‌സും ജർമ്മൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും തമ്മിൽ ജർമ്മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിൾ വിൻ കരാർ 2022 ഡിസംബർ മാസം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ 200 ഓളം നേഴ്‌സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവർക്ക് ആവശ്യമായ ഭാഷാ പരിശീലനം നൽകിവരികയാണ്. മറ്റ് തൊഴിൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ വേണ്ട തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 2023 ഒക്‌ടോബറിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

നോർക്ക റൂട്ട്‌സും യു കെയിൽ എൻ എച്ച് എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹമ്പർ ആൻഡ് യോർക്ഷയറും യു കെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേർന്ന് 2022 ഒക്‌ടോബർ മാസം ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം 21 മുതൽ 25 വരെ കൊച്ചിയിൽ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതിൽനിന്നും വിവിധ തസ്തികകളിലായി 600 ൽ അധികം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേർക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേർ വിസയുടെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളിലാണ്.

Also Read: ‘ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജം; സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 15 മുതല്‍ സമരം’: ബജ്‌രംഗ് പൂനിയ

കാനഡയിലെ ഗവൺമെന്റ് ഓഫ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡർ, നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളിൽ ഫിൻലൻഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴിൽ മേഖലകളിൽ ജപ്പാനിലേക്കും കേരളത്തിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകൾ സജീവമായി പരിശോധിച്ചു വരികയാണ്.

ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനായി 2023 മാർച്ചിൽ വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങൾക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരള പോലീസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സംയുക്തമായി ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിൽ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പരും ഇമെയിൽ ഐഡികളും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തർദേശീയ തലത്തിൽ വളർന്നുവരുന്ന വിദേശ തൊഴിൽ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികൾ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തിൽ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾക്കുവേണ്ട വികസനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ ഇതുപകരിക്കും.

അമേരിക്കൻ മലയാളികൾക്കൊക്കെ പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ. നിലവിൽ 136 സംരംഭങ്ങളാണ് ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 85 സംരംഭകർക്ക് പിന്തുണ നൽകുന്നുമുണ്ട്. നിലവിലുള്ള പദ്ധതികൾക്കു പുറമെ പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സഹായം നൽകാനായി നോർക്ക അസ്സിസ്‌റ്റെഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (നെയിം), നോർക്ക സോൺ എന്നീ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

നോർക്ക റൂട്ട്‌സ് പോലെ തന്നെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനങ്ങളാണ് പ്രവാസി ക്ഷേമനിധി ബോർഡും മലയാളം മിഷനും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയർത്താനും സംസ്ഥാന വികസനത്തിനു മുതൽക്കൂട്ടാകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനും ക്ഷേമനിധി ബോർഡിനു സാധിക്കുന്നുണ്ട്. പ്രവാസി കേരളീയർക്കുള്ള ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി നാടിന്റെ പൊതുവായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും കേരള സർക്കാർ മുന്നോട്ടു വെക്കുന്ന ദീർഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്റ് പദ്ധതി’. നിലവിൽ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ട്.

മാതൃഭാഷ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഭാഷയുടെ വളർച്ച സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. ആ നിലയ്ക്ക് വലിയൊരു ദൗത്യമാണ് മലയാളമിഷൻ ഏറ്റെടുത്തിരിക്കുന്നത്. മലയാളഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രവാസികളുടെ ഇടയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷൻ പ്രവർത്തിച്ചുവരുന്നത്. 50,000ത്തിൽപ്പരം വിദ്യാർത്ഥികൾ ഓൺലൈനായും മലയാളം മിഷൻ ആപ്പ് മുഖേനയും പഠിതാക്കളാണ്.

ഇതൊക്കെ വിശദീകരിച്ചത് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവിൽ സ്വീകരിക്കുന്ന നിലപാടുകൾ വ്യക്തമാക്കാനാണ്.

ഈയൊരു പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുക എന്നതാണ് ഈ മേഖലാ സമ്മേളനം കൊണ്ട് നമ്മൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, അമേരിക്കൻ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കുള്ള സാധ്യതകളും ഇതര മേഖലകളിലുള്ള പ്രവാസികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും സവിശേഷമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News