ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാൽ രാജ്യത്തിൻറെ ജൈവസമ്പത്തിൻറെ 25 ശതമാനവും ഇവിടെയാണ്.
Also Read; മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത
ചില ജീവിവർഗങ്ങളുടെ കാര്യമെടുത്താൽ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ നടപ്പാക്കിവരുന്നത്. ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്ത എപ്പോഴും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൈവവിഭവങ്ങളുടെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണവും. തലമുറകളായി കൈമാറിവരുന്ന നമ്മുടെ പരമ്പരാഗത അറിവുകൾ ജൈവവൈവിധ്യ നിയമപ്രകാരം സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക ജൈവവൈവിധ്യ കർമ്മപദ്ധതിയിൽ ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് ഗൗരവമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് വളരെയഥികം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അനന്തരഫലങ്ങൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും ഇതിൽനിന്ന് മുക്തമല്ല. അതിതീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയേയും തകർക്കുന്നു. പ്രകൃതി സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ അനുഭവങ്ങൾ കാട്ടിത്തരുന്നു എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബിഎംസിയും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബിഎംസിയും കരസ്ഥമാക്കി. കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസിലെ വിജയികൾക്കും യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികൾക്കും മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിന് വിവിധതലങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തൻ, പ്രമോദ് ജി കൃഷ്ണൻ, ഡോ. സാബു എ, ഡോ. എൻ അനിൽകുമാർ, ഡോ. വി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here