2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീന്‍ ദയാല്‍ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം സ്വന്തമാക്കി. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയതിന് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. പഞ്ചായത്ത് ക്ഷമതാ നിര്‍മ്മാണ്‍ സര്‍വോത്തം സന്‍സ്ഥാന്‍ പുരസ്‌കാരമാണ് കില നേടിയത്. ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പഞ്ചായത്തുകള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപനങ്ങളില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കിലയ്ക്ക് കഴിഞ്ഞു. പുരസ്‌കാരങ്ങള്‍ ഡിസംബര്‍ 11ന് ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മ്മു വിതരണം ചെയ്യും.
ALSO READ: ശബരിമലയിലെ വിഐപി ദര്‍ശനം: വിശദീകരണം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ദേശീയ പുരസ്‌കാരം നേടിയ കിലയെയും പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സംസ്ഥാനത്തിനാകെ അഭിമാനകരമായ നേട്ടമാണ് ഇത്. വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയായി നടപ്പിക്കാന്‍ നേതൃത്വം നല്‍കിയ സംവിധാനമാണ് കില. പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റാന്‍ കിലയിലൂടെയാണ് സര്‍ക്കാര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലെ ഈ പുരസ്‌കാരത്തിലൂടെ കേരളത്തിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് തന്നെയാണ് അംഗീകരിക്കപ്പെടുന്നത്. കൂടുതല്‍ മികവോടെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ പുരസ്‌കാരങ്ങള്‍ പ്രചോദനമേകും. കെ സ്മാര്‍ട്ട് ഉള്‍പ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങള്‍ കൂടി നടപ്പിലാക്കുന്നതോടെ ഗ്രാമപഞ്ചായത്തുകള്‍ മികവിന്റെ മാതൃകകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here