ബജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച കൃഷിമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേട്ടില്ലെന്ന് മന്ത്രി പി പ്രസാദ് . കേരളത്തിന്റെ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെ യോഗം അവസാനിപ്പിച്ചതില്‍ കേന്ദ്ര കൃഷി മന്ത്രിയെ പ്രതിഷേധം അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട് കൃഷിമന്ത്രിമാര്‍ക്കും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കാനായില്ല. യോഗം വിളിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം മാത്രമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിലെ കര്‍ഷകരെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
തമിഴ്‌നാട് , കര്‍ണാടക, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം നിഷേധിച്ചതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനമാണ് വെളിവാക്കപ്പെട്ടത്. രാഷ്ട്രീയപ്രേരിതമായ ഇത്തരം നിലപാടുകള്‍ക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.
ALSO READ; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: വകുപ്പ് തല നടപടി തുടരുന്നു; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ
കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ മുൻപ് നിരവധി തവണ ശ്രമിച്ചിട്ടും അനുമതി ലഭിക്കുകയുണ്ടായില്ല. കാർഷിക മേഖലയിൽ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നയങ്ങളിലേറെയും കർഷക വിരുദ്ധമാണ്. എംഎസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം കാർഷിക ഉല്പന്നങ്ങളുടെ ഉല്പാദന ചിലവിനു ആനുപാതികമായ താങ്ങുവില നിശ്ചയിക്കുന്നതിൽ കാട്ടുന്ന വിമുഖതയും, രാസവളങ്ങളുടെ ഉയർന്ന വിലയും ആവശ്യത്തിനുള്ള രാസവളം അനുവദിക്കാതെ ഉണ്ടാക്കുന്ന ക്ഷാമവും, കാർഷിക കൂട്ടായ്മകളായ എഫ്പിഓകളെ കോർപ്പറേറ്റുകളുമായും സ്റ്റോക്ക് എക്സ്ചേഞ്ചുമായും ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങളും കാർഷിക മേഖലയെ തകർക്കുന്നവയാണ്.
നെല്ല് , തെങ്ങ്, ഏലം, കുരുമുളക് , കാപ്പി , റബ്ബർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന വന്യമൃഗശല്യം പരിഹരിക്കുവാൻ നടപടികൾ, കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കാർഷിക നഷ്ടങ്ങൾ പരിഹരിക്കുവാൻ കർഷകർക്ക് പ്രത്യേക പാക്കേജുകൾ തുടങ്ങിയവ കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് ലഭ്യമാകേണ്ട അടിയന്തര ആവശ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കർഷകരെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത്. ബഡ്ജറ്റ് സെഷനു മുമ്പ് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ തേടിയിരുന്നു എന്ന് വരുത്തി തീർക്കുക മാത്രമാണ് യോഗത്തിൽ ഉണ്ടായതെന്നും കാർഷികപ്രശ്നങ്ങൾ വേണ്ടത്ര ഗൗരവമില്ലാതെയാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here