ദേശീയതലത്തിൽ വീണ്ടും അംഗീകരിക്കപ്പെട്ട് കേരളത്തിൻ്റെ ആരോഗ്യരംഗം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (NQAS) അംഗീകാരം സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി ലഭിച്ചതായി മന്ത്രി വീണാജോർജ്. 3 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 193 സ്ഥാപനങ്ങൾക്ക് NQAS ൻ്റെ അംഗീകാരം ലഭിച്ചു. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60% സ്‌കോറും, പാലക്കാട് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 90.15% സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.
കാസര്‍ഗോഡ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18% സ്‌കോര്‍ നേടി വീണ്ടും അംഗീകാരം നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെൻ്റർ, 132 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് NQAS അംഗീകാരം നേടിയെടുത്തത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിൻ്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. NQAS അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിൻ്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.
NQAS അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെൻ്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here