കേരളത്തിന്റേത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം, അതിന് കക്ഷിരാഷ്ട്രീയ നിറം ചാര്‍ത്തരുതെന്നും ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്രം ഏത് വിധേയനേയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് നോക്കുന്നത്. ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഭരണഘടന വിരുദ്ധമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നത്.
84400 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി സംസ്ഥാനത്ത് ഇതുവരെ അനുമതി നല്‍കിയത്. എന്നാല്‍ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപം നടത്തുന്നു എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ കിഫ്ബിയുടെ നിക്ഷേപം ഉണ്ട്. ഇത്തരം കാര്യങ്ങള്‍ മറച്ചുവെച്ച് കേന്ദ്രം കിഫ്ബിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഫെഡറലിസത്തെ കേന്ദ്രം തകര്‍ക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തല്‍ ആണ് നടക്കുന്നത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തീരുമാനിക്കുന്നത് ദില്ലിയിലെ മന്ത്രാലയമാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിഷയം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ അധിക തുക നല്‍കിയാണ് ലൈഫ് മിഷന്‍ പദ്ധതി നടത്തുന്നത്. ലൈഫ് മിഷന് വേണ്ടി ഇതിനകം ആകെ ചിലവിട്ടത് 17,104.87 കോടി രൂപയാണ്. അതില്‍ കേന്ദ്രം നല്‍കിയത് 2081 കോടി രൂപ. അതായത് വെറും 12.17 ശതമാനം. ബാക്കി 87.83 ശതമാനം തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു ബ്രാന്‍ഡിംഗിനും തയ്യാറല്ല. കാരണം ഒരോരുത്തരുടെയും വീട് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ കേന്ദ്ര പദ്ധതിയുടെ ബോര്‍ഡ് വെക്കണം അല്ലെങ്കില്‍ കേന്ദ്രം നല്‍കുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ കുറഞ്ഞത് 40 ശതമാനം ചെലവഴിക്കുകയും നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുക്കുകയും ചെയ്യുന്ന പദ്ധതികളുടെ നേട്ടങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. അവ കേന്ദ്ര പദ്ധതികളായി ബ്രാന്‍ഡു ചെയ്യണമെന്നാണ് നിര്‍ബന്ധം. ഇല്ലെങ്കില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുമെന്ന് നിലപാടെടുക്കുന്നു. ഈ സമീപനം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക
സംസ്ഥാങ്ങള്‍ തമ്മില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. പ്രതിശീര്‍ഷ വരുമാനം കുറഞ്ഞതും, അധിക ജനസംഖ്യ ഉള്ളതുമായ സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കണം. ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണം. അത് ഭരണഘടനാപരമായ ചുമതലയാണ്. എന്നാല്‍ അതില്‍ കേന്ദ്രം ഭരണഘടനാ വിരുദ്ധമായാണ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here