കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
Also Read : ‘കേരളീയം’ ലോകത്തിന് മുന്നില്‍ കേരളത്തിന്റെ വാതായനങ്ങള്‍ തുറക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളീയത്തില്‍ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ അണിനിരക്കും. കേരളീയത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാറുകള്‍ നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുന്നതാകും. വിവിധ സെമിനാറുകളില്‍ വിദഗ്ധര്‍ പങ്കെടുക്കും. കേരളം ആര്‍ജ്ജിച്ച നേട്ടങ്ങള്‍ സെമിനാറുകളില്‍ വിലയിരുത്തും. 25 സെമിനാറുകളില്‍ 250 വിദഗ്ധര്‍ പങ്കെടുക്കും. പരിപാടികള്‍ ഭിന്നശേഷി സൗഹൃദമാകും. ഗ്രീന്‍ പോര്‍ട്ടോക്കോള്‍ പാലിച്ചാകും പരിപാടികള്‍ നടക്കുക. തലസ്ഥാന നഗത്തില്‍ 25 പ്രദര്‍ശനങ്ങളുണ്ടാകും.
കിഴക്കേക്കോട്ട മുതല്‍ കവടിയാര്‍ വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവല്‍ക്കരിക്കുന്ന 25 പ്രദര്‍ശനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 425 സംരംഭകരാണ് പങ്കെടുക്കുന്നത്. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. 200 ലധികം ബയേഴ്സ് പങ്കെടുക്കും.
മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകള്‍ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിംഗ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയുമുണ്ടാകും. യൂണിവേഴ്സിറ്റി കോളേജ് മുതല്‍ വാന്റോസ് ജംക്ഷന്‍ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും. ഫുഡ് ഫെസ്റ്റിവലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്നത് ദേശീയ അന്തര്‍ദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ ഫുഡ് വ്ളോഗേഴ്സ് ആണ്.
Also Read : ‘കേരളീയം’ പരിപാടി വര്‍ഗീയതയ്‌ക്കെതിരായ ശബ്ദമായി മാറും: മുഖ്യമന്ത്രി
കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറുവേദികളിലായി പുഷ്പോത്സവം സംഘടിപ്പിക്കും. പുത്തരിക്കണ്ടണ്‍ം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്‍ണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ വേദികളിലാണ് പുഷ്പോത്സവം. നഗരത്തിലെ അഞ്ചുവേദികളിലെ പ്രധാനകേന്ദ്രങ്ങളില്‍ കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ആറു പുഷ്പ ഇന്‍സ്റ്റലേഷനുകളും ഉണ്ടാകും.
കേരളീയത്തിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ 4 സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here