സംസ്ഥാന സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്‌.സി

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എ.ഫ്‌സി.) സംസ്ഥാന സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന് (26.06.2022) കോര്‍പ്പറേഷന്‍ ആസ്ഥാനമായ തിരുവനന്തപുരത്ത് ചേര്‍ന്ന 70-)oമത് വാര്‍ഷിക പൊതുയോഗത്തിലാണ് (എജിഎം) പ്രഖ്യാപനം നടത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകളും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകള്‍ സിഡ്ബി , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , എല്‍ ഐ സി മുതലായ സ്ഥാപനങ്ങളാണ്.

”2022-23 സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ കെ.എഫ്.സി. സ്വീകരിച്ചിരുന്ന സമീപനം വളരെ ശ്രദ്ധേയമാണ്. വിവിധ പദ്ധതികളിലൂടെ കെ.എഫ്.സി.ക്ക് വലിയൊരു വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരാന്‍ കഴിഞ്ഞു. എംഎസ്എംഇകളെയും സ്റ്റാര്‍ട്ടപ്പുകളേയും പിന്തുണയ്ക്കുന്നതില്‍ കെ.എഫ്.സി. അതിന്റെ പങ്ക് തുടരുന്നു. അത് കൂടുതല്‍ തൊഴില്‍ നല്‍കുകയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വളര്‍ത്തുകയും ചെയ്യുന്നു”, കെ.എഫ്.സി.ക്ക് അയച്ച സന്ദേശത്തില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ പറഞ്ഞു.

കെ.എഫ്.സി. അതിന്റെ 70 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തികത്തില്‍ രേഖപ്പെടുത്തിയത്. അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി 50.19 കോടി രൂപയായി. വായ്പാ ആസ്തി 37.44 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 6529.40 കോടി രൂപയിലെത്തി. കെ.എഫ്.സി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയുടെ വായ്പാ ആസ്തി മറികടക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്മി 3.11 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനമായും കുറഞ്ഞു.

”2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 200 രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CAR) കഴിഞ്ഞ വര്‍ഷത്തെ 22.41% ല്‍ നിന്ന് 25.58% ആയി മെച്ചപ്പെട്ടു. കെ.എഫ്.സി.യുടെ വായ്പാ തുക പതിനായിരം കോടി രൂപയായി ഉയര്‍ത്താനും കെഎഫ്‌സിയെ രാജ്യത്തെ ഏറ്റവും മികച്ച ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്,” ബഹു. കേരള ധനമന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍, കെ.എഫ്.സി. പുതിയ വായ്പ പദ്ധതികള്‍ നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികള്‍ കൂടുതല്‍ മികച്ചതാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്പാ പരിധി 200 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതും, എംഎസ്എംഇകള്‍ക്ക് 5% വാര്‍ഷിക പലിശയ്ക്ക് വായ്പ നല്‍കുന്നതും, കഴിഞ്ഞ വര്‍ഷത്തില്‍ കൈക്കൊണ്ട ചില പ്രധാന നടപടികളില്‍ ഉള്‍പ്പെടുന്നു. 5% വാര്‍ഷിക പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ നല്‍കുന്ന കാര്‍ഷികാധിഷ്ഠിത എംഎസ്എംഇ ലോണ്‍ സ്‌കീം, സിറ്റി യൂണിയന്‍ ബാങ്കുമായി സഹകരിച്ച് കെ.എഫ്.സി. പ്രവര്‍ത്തന മൂലധന വായ്പ പദ്ധതിയുടെ തുടക്കം, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് സഹായം, ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ മുതലായവ ഇതില്‍പ്പെടുന്നു.

Also Read: സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യം അനിവാര്യം: സീതാറാം യെച്ചൂരി

”നിലവിലുള്ള ശാഖകളെ എംഎസ്എംഇ ക്രെഡിറ്റ് ശാഖകളാക്കി മാറ്റിക്കൊണ്ട് വലിയ വായ്പകള്‍ നല്‍കുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകള്‍ ആരംഭിക്കാന്‍ കെ.എഫ്.സി. ഈ സാമ്പത്തിക വര്‍ഷം പദ്ധതിയിടുന്നു. വായ്പകള്‍ തിരിച്ചുപിടിക്കുന്നതിനായി പ്രത്യേക അസറ്റ് റിക്കവറി ശാഖകള്‍ ആരംഭിക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കും വിമുക്തഭടന്മാര്‍ക്കുള്ള വായ്പ പദ്ധതികള്‍ക്കും കെ.എഫ്.സി. ആരംഭിക്കും’, കെ.എഫ്.സി. സിഎംഡി ശ്രീ.സഞ്ജയ് കൗള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News