കെഎഫ്സി ആർസിഎഫ്എല്ലിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെഎഫ്സി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രനിയമമായ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിന്റെ വകുപ്പ് 34 അനുസരിച്ച് കെഎഫ്സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്സി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെയാണ് നടത്തിയിട്ടുള്ളത്. 2016 ജൂൺ 28ന് ചേർന്ന ബോർഡ് യോഗം 250 കോടി രൂപ അധിക ധനസമാഹരണം നടത്തുവാൻ തീരുമാനിച്ചു. പ്രവർത്തന മൂലധനം ഉയർത്താൻ 250 കോടി രൂപ പണവിപണിയിൽനിന്ന് സമാഹരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് കമ്പനിയുടെ അന്നുണ്ടായിരുന്ന റേറ്റിങ് ഉയർത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബോർഡ് തീരുമാനം.
നിഷ്ക്രിയ ആസ്തി കൂടിയിരുന്നതിനാൽ ആ വർഷം ക്രെഡിറ്റ് റേറ്റിങ് ഉയർത്തലും കടപത്രം ഇറക്കി 250 കോടി രൂപ അധിക ധനസമാഹരണം നടത്തലും സാധ്യമായില്ല. തുടർന്ന് 2017 ജൂലൈ മൂന്നിന് ചേർന്ന ബോർഡ് യോഗം ക്രെഡിറ്റ് റേറ്റിങ് എഎ എന്നതിലേക്ക് ഉയർത്താനും, വിപണിയിൽനിന്ന് 500 കോടി രൂപ സമാഹരിക്കാനുമുള്ള നടപടികൾ എടുക്കാൻ എംഡി യെ ചുമതലപ്പെടുത്തി.
റേറ്റിങ് ഉയർത്തുന്നതിന് ആർബിഐ, സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എഎ പ്ലസ് റേറ്റിങ് ഉള്ള ആർസിഎഫ്എല്ലിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത്. അന്ന് വിപണിയിലുണ്ടായിരുന്ന ഏറ്റവും മികച്ച നിരക്കായ 9.10 ശതമാനം വരുമാനവും പരിഗണിച്ചായിരുന്നു തീരുമാനം. ആർബിഐ, സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ എഎ പ്ലസ് റേറ്റിങ് നൽകുന്ന ഒരു സ്ഥാപനത്തിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയുമെന്നതും പരിഗണിച്ചിരുന്നു. 2017-18-ൽ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടേതുമായി 10,000 കോടിയോളം രൂപ ആർസിഎഫ്എല്ലിൽ നിക്ഷേപമുണ്ടായിരുന്നു. ആ സ്ഥാപനം കടുത്ത പ്രതിസന്ധിയിൽ ആകുന്നതിന് മുൻപ് വരെ വായ്പകളുടെ തിരിച്ചടവ് കൃത്യമായിരുന്നു.
ആർസിഎഫ്എല്ലിന്റെ മാതൃകമ്പനിയായ റിലയൻസ് ക്യാപ്പിറ്റലിന്റെ വായ്പാ മൂലധന അനുപാതവും മികച്ചതായിരുന്നു. 2018 ജൂണിനുശേഷം പണവിപണിയിലുണ്ടായ പ്രതിസന്ധികളും ചില പ്രധാന NBFC കളുടെ തകർച്ചയും ആർസിഎഫ്എല്ലിനെയും ബാധിച്ചതാണ് കെഎഫ്സിയുടെ നിക്ഷേപം തിരിച്ചുകിട്ടുന്നത് പ്രതിസന്ധി ഉണ്ടാക്കിയത്. റിലയൻസ് കമ്മ്യുണിക്കേഷൻ എന്ന സബ്സിഡിയറി കമ്പനിയ്ക്ക് മാതൃകമ്പനിയായ റിലയൻസ് ക്യാപിറ്റലിൽ ഉണ്ടായിരുന്ന ബാധ്യതകൾ കണക്കിലെടുത്താണ് പിന്നീട് ആർസിഎഫ്എല്ലിനെ ക്രെഡിറ്റ് വാച്ചിങ് റേറ്റിങ്ങിൽ റേറ്റിങ് ഏജൻസികൾ ഉൾപ്പെടുത്തിയത്.
ALSO READ; അടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ വംശജയോ? അഞ്ചില്‍ ഒരാള്‍ അനിത ആനന്ദ്!
ആർസിഎഫ്എല്ലിലെ നിക്ഷേപം കെഎഫ്സി ഒരു ഘട്ടത്തിലും മറച്ചുവച്ചിട്ടില്ല. 2016 മെയ് മാസത്തിൽ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 50 കോടി രൂപ ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിച്ചപ്പോൾ ‘ബാങ്കുകളുമായുള്ള ടേം ഡെപ്പോസിറ്റ്’ എന്ന തലക്കെട്ടിൽ വാർഷിക റിപ്പോർട്ടിൽ കാട്ടി. 2018ൽ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 60.80 കോടി രൂപ ആർസിഎഫ്എല്ലിൽ നിക്ഷേപിച്ചപ്പോൾ, ടേം ഡെപ്പോസിറ്റുകൾ/എൻസിഡി എന്ന തലക്കെട്ടിൽ വാർഷികറിപ്പോർട്ടിൽ ഉൾപ്പെടുത്തി. തുടർന്ന് എല്ലാ വർഷവും ഇത് വാർഷികറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർസിഎഫ്എൽ തങ്ങളുടെ വായ്പാബാധ്യതകൾ തിരിച്ചുനൽകുന്നതിൽ വീഴ്ച വരുത്തിയതോടെ ആർബിഐ ഇടപെട്ട് പ്രശ്നപരിഹാരത്തിന് തുടക്കം കുറിച്ചു. വായ്പ നൽകിയ പ്രധാനപ്പെട്ട ബാങ്കുകളിൽ നിന്നും ബാങ്ക് ഓഫ് ബറോഡയെ ലീഡ് ബാങ്കായി പരിഹാര പദ്ധതി തയ്യാറാക്കാൻ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കക്ഷികളെയെല്ലാം ചേർത്ത് നിക്ഷേപകരുമായി ഒരു ധാരണപത്രം ഉണ്ടാക്കി. അതനുസരിച്ച് ആർസിഎഫ്എല്ലിലെ വിവിധ നിക്ഷേപങ്ങളുടെ തരംതിരിവ് നടത്തിയപ്പോൾ, കെഎഫ്സി നിക്ഷേപിച്ചതിന്റെ 24.96 ശതമാനം മടക്കിക്കിട്ടുമെന്ന നിലയാണ് ഉണ്ടായത്. ഇത് കെഎഫ്സി അംഗീകരിച്ചില്ലെന്ന് മാത്രമല്ല തർക്കം ഉന്നയിച്ച് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ആർസിഎഫ്എല്ലിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുക്കുന്നതിന് നടത്തിയ ടെണ്ടറിൽ ഓതം എന്ന കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജിയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയ്യാറായ ഓതം, കെഎഫ്സിക്കുമാത്രം നിക്ഷേപത്തിന്റെ 52 ശതമാനം വരെ മടക്കിനൽകാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചു. ഈ വാഗ്ദാനം നിലനിൽക്കുമ്പോഴും നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയിലെ നിയമ നടപടികൾ കെഎഫ്സി തുടരുകയാണ്. വസ്തുതകൾ ഇതായിരിക്കെ കെഎഫ്സിയുടെ മികച്ച പ്രവർത്തന മുന്നേറ്റത്തെ തകർക്കുന്ന പ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും കെഎഫ്സി മാനേജ്മെന്റ് അഭ്യർത്ഥിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here