‘ഇൻട്രോയിൽത്തന്നെ മനോരമത്തരം പുഴുവരിക്കുന്നു’ : സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ വിമർശനം ഉന്നയിച്ച് കെ ജി ബിജു

സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ വിമർശനം ഉന്നയിച്ച് പുരോഗമന കലാസാഹിത്യ സംഘം കിളിമാനൂർ ഏരിയ പ്രസിഡന്റും, സി പി ഐ എം പ്രവർത്തകനുമായ കെ ജി ബിജു. സ്വാശ്രയ കോളജുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായതെന്നും അഞ്ചു സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും നട്ടെല്ലിന് വെടിയേറ്റ സ. പുഷ്പൻ ആജീവനാന്തം ശയ്യാവലംബിയായതെന്നും മനോരമ സ്ഥാപിക്കണമെന്നും, സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ അനിൽ കുരുടത്ത് എഴുതിയ അനുസ്മരണക്കുറിപ്പിൻ്റെ ഇൻട്രോയിൽത്തന്നെ മനോരമത്തരം പുഴുവരിക്കുന്നുണ്ടെന്നും കെ ജി ബിജു ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിൽ പറയുന്നു.

കെ ജി ബിജുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ അനിൽ കുരുടത്ത് എഴുതിയ അനുസ്മരണക്കുറിപ്പിൻ്റെ ഇൻട്രോയിൽത്തന്നെ മനോരമത്തരം പുഴുവരിക്കുന്നുണ്ട്. “1994- യുഡിഎഫ് സർക്കാരിൻ്റെ സ്വാശ്രയനയത്തിനെതിരെ സമരത്തിലായിരുന്നു ഡിവൈഎഫ്ഐ” എന്നാണ് ഇൻട്രോ.
സ്വാശ്രയ കോളജുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായതെന്നും അഞ്ചു സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും നട്ടെല്ലിന് വെടിയേറ്റ സ. പുഷ്പൻ ആജീവനാന്തം ശയ്യാവലംബിയായതെന്നും സ്ഥാപിക്കണം. നല്ല ബുദ്ധി. നല്ല സമയം. ജോണി ലൂക്കോസിൻ്റെ ഭാഷയിൽ സ്പിരിട്ട് ഓഫ് ദി ടൈം.

സ്വാശ്രയ കോളജുകൾക്കെതിരെ നടന്ന സമരത്തിൻ്റെ ഫലമായാണോ കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായത്?
അല്ലേയല്ല. ആ സമരത്തിൽ മനോരമയുടെ പങ്കെന്തായിരുന്നു? അക്കഥ ദിഫോർത്ത് ന്യൂസിൽ വിസ്തരിച്ചെഴുതിയിട്ടുണ്ട് കെ ബാലകൃഷ്ണൻ. ഒരു കൊല്ലം മുമ്പേ…

അന്ന് ദേശാഭിമാനി ലേഖകനായിരുന്ന കെ ബാലകൃഷ്ണൻ വിവരിച്ച സംഭവം ചുരുക്കിപ്പറയാം. യുഡിഎഫ് സർക്കാരിൻ്റെ സ്വാശ്രയ നയത്തിൻ്റെ മറവിൽ പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ ഉടസ്ഥതയിലുള്ള സ്ഥലത്ത് ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ശ്രമമാരംഭിച്ചു. ആശുപത്രിയും മെഡിക്കൽ കോളജും സഹകരണമേഖലയിലോ സ്വകാര്യ ഉടമസ്ഥതയിലോ എന്ന ചോദ്യമുയർന്നു. മുഖ്യമന്ത്രിയോ സഹകരണ മന്ത്രിയോ വ്യക്തമായി മറുപടി പറഞ്ഞില്ല.

മെഡിക്കൽ കോളജ് സർക്കാർ ഉടമസ്ഥതയിലാകണം എന്ന നിലപാട് സിപിഎം സ്വീകരിച്ചു. വാർത്തയും വിവാദവും കത്തിക്കയറുമ്പോൾ കെ ബാലകൃഷ്ണന് ഒരു രേഖ ലഭിച്ചു. കൈമാറിയത് മക്തബ് സായാഹ്നപത്രത്തിൻ്റെ ഒരു പാർട്ണറായിരുന്ന ബെന്നി.
രേഖ ഇതായിരുന്നു: പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറിയത് എം വി രാഘവൻ പ്രസിഡൻ്റായി ഉണ്ടാക്കിയ ഒരു കടലാസ് സഹകരണ സംഘത്തിന്. ആശുപത്രി തുടങ്ങാൻ പോകുന്നത് കെ കരുണാകരൻ പ്രസിഡൻ്റും എം വി രാഘവൻ വൈസ് പ്രസിഡൻ്റുമായിരുന്ന അക്കാദമി ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനം.

“അനന്തരാവകാശികൾക്ക് അഞ്ഞൂറുകോടിയുടെ സാമ്രാജ്യം ഉണ്ടാക്കാനിറങ്ങിപ്പുറപ്പെട്ട അമ്മാവന് ഒടുവിൽ ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു” എന്ന കിംഗ് സിനിമയിലെ രഞ്ജിപണിക്കർ ഡയലോഗിൻ്റെ പ്രചോദനം ഒരുപക്ഷേ, ഈ സ്ഥാപനമായിരിക്കണം. വിലപ്പെട്ട തെളിവ് കൈയിൽ കിട്ടിയതോടെ ദേശാഭിമാനി ആഞ്ഞടിച്ചു. വാർത്ത പുറത്തുവന്നതോടെ കെ ബാലകൃഷ്ണനെ ബന്ധപ്പെട്ടത് മനോരമ കണ്ണൂർ ബ്യൂറോയിലെ ബോബി എബ്രഹാമും ഹരികൃഷ്ണനും. മക്തബ് ഉടമ ബെന്നി കൈമാറിയ രേഖയുടെ ബാക്കി വിശദാംശങ്ങൾ അവരാണ് കെ ബാലകൃഷ്ണന് കൈമാറിയത്.

അക്കാദമി ഓഫ് മെഡിക്കൽ സയൻസിൻ്റെ പ്രമോട്ടർമാർ, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, നിയമാവലി തുടങ്ങി സകല വിവരങ്ങളും തനിക്ക് കൈമാറിയത് മനോരമയിലെ ബോബി എബ്രഹാമും ഹരികൃഷ്ണനുമാണെന്ന് കെ ബാലകൃഷ്ണൻ സാക്ഷ്യപ്പെടുത്തിയത് 2023 നവംബറിൽ.

ഇരുവരുടെയും നിഷേധക്കുറിപ്പ് ഇതേവരെ വന്നിട്ടില്ല. എന്നുവെച്ചാൽ പരിയാരം മെഡിക്കൽ കോളജിൻ്റെ ഉടമസ്ഥതയെ സംബന്ധിച്ചുണ്ടായ വലിയ ജനകീയപ്രക്ഷോഭത്തിന് നിർണായകമായ ഇന്ധനം പകർന്നത് മനോരമാ ലേഖകരായിരുന്നു എന്ന് അവരും സമ്മതിച്ചതാണ്.
ഈ ചരിത്രം സൗകര്യപൂർവം മറച്ചുവെയ്ക്കാനാണ് യുഡിഎഫ് സർക്കാരിൻ്റെ സ്വാശ്രയനയത്തിനെതിരെയാണ് കൂത്തുപറമ്പ് സമരവും വെടിവെപ്പുമൊക്കെ ഉണ്ടായത് എന്നൊരു ഓളത്തിൽ മനോരമ തള്ളിവിടുന്നത്.

പരിയാരം ടിബി സാനിറ്റോറിയത്തിൻ്റെ പേരിൽ സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി എം വി രാഘവൻ പ്രസിഡൻ്റായ ഒരു തട്ടിപ്പ് സഹകരണസംഘത്തിൻ്റെ പേരിലേയ്ക്ക് മാറ്റി അവിടെ കെ കരുണാകരൻ്റെയും എം വി രാഘവൻ്റെയും സംഘത്തിൻ്റെയും സ്വകാര്യ ഉടമസ്ഥതയിൽ ഒരു മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സർക്കാർ അധികാരം വഴിവിട്ടു പ്രയോഗിക്കുന്നതിന് എതിരെയായിരുന്നു കൂത്തുപറമ്പ് സമരം.

പരിയാരം മെഡിക്കൽ കോളജ് ഇന്ന് സർക്കാർ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതായിരുന്നു കൂത്തുപറമ്പ് പ്രക്ഷോഭത്തിന്റെ ആവശ്യവും. കണ്ണൂരിലെ എകെജി ആശുപത്രി സഹകരണ മേഖലയിൽ ആരംഭിച്ചത് ബുദ്ധിമോശമായിപ്പോയി എന്ന ചിന്തയിലാവണം, പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ ഉടമസ്ഥതയിലാകണം എന്ന് കെ കരുണാകരനും എം വി രാഘവനും തീരുമാനിച്ചത്.
സംസ്ഥാന ഭരണത്തിൽ നിന്ന് ജനം പുറത്താക്കിയാലും ഒരു മെഡിക്കൽ കോളജും ആശുപത്രിയും സ്വന്തം കക്ഷത്തിരിക്കുമല്ലോ. അഞ്ചു സഖാക്കളുടെയും സ. പുഷ്പൻ്റെയും പ്രാണത്യാഗത്തിൽ ആ സ്വപ്നമാണ് വെണ്ണീറായിപ്പോയത്.

പരിയാരം മെഡിക്കൽ കോളജ് ഇന്ന് സർക്കാർ ഉടമസ്ഥതയിലാണ്. 2016ലെ പിണറായി സർക്കാരാണ് അത് യാഥാർത്ഥ്യമാക്കിയത്. ഏതു ലക്ഷ്യത്തിനുവേണ്ടിയാണോ താൻ സമരഭൂമിയിലേയ്ക്കിറങ്ങിയത്, ആ ലക്ഷ്യം ഒരു എൽഡിഎഫ് സർക്കാർ പൂർത്തീകരിക്കുന്നത് കണ്ണു നിറയെ കണ്ട സംതൃപ്തിയിൽത്തന്നെയാണ് സ. പുഷ്പൻ ജീവിച്ചതും വിട പറഞ്ഞതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News