കൽക്കത്തയിൽ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം; ആരോഗ്യപ്രവർത്തകർക്കായി സുരക്ഷാ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ

കൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ശക്തവും നീതിയുക്തവുമായ തുടർനടപടികൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇൻഡ്യ ഫെഡറേഷൻ ഓഫ് ഗവണ്മെൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ വെള്ളിയാഴ്ച ദേശീയ തലത്തിൽ കരിദിനമായി ആചരിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. കെ ജി എം ഓ എ യും ഈ പ്രതിഷേധ ദിനത്തിൽ പങ്കു ചേരുകയാണ്. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനുമായി കെ ജി എം ഒ എ ഓഗസ്റ്റ് 18 മുതൽ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിൻ നടത്തും. ഇതിനോടനുബന്ധിച്ച് നിർദ്ദിഷ്ട ചെക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഓഡിറ്റും നടത്തും. സുരക്ഷ സംബന്ധിച്ച പോരായ്മകൾ സ്ഥാപനങ്ങളുടെ തലത്തിലും സംഘടനാ തലത്തിലും സർക്കാർ തലത്തിലും പരിഹരിക്കേണ്ടവ കൃത്യമായി വേർതിരിച്ച് സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

Also Read: വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; ആശുപത്രി അടിച്ചുതകര്‍ത്ത് അക്രമികള്‍, സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും മര്‍ദനം

ഡ്യൂട്ടിയിലുള്ള റെസ്പിറേറ്ററി മെഡിസിൻ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഹീനമായ കുറ്റകൃത്യം മെഡിക്കൽ സമൂഹത്തിലും പൊതുസമൂഹത്തിലും വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

രോഗശാന്തിയുടെയും സുരക്ഷിതത്വത്തിൻ്റെയും ഇടമായി കരുതപ്പെടുന്ന ഒരു ആരോഗ്യ സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നു. ഒരു ഡോക്ടർ സ്വന്തം ജോലിസ്ഥലത്ത് തന്നെ ഇത്തരമൊരു ക്രൂരതയ്ക്ക് വിധേയയാകുന്നു എന്നത് നമ്മുടെ ആശുപത്രികളിലെ നിലവിലെ സുരക്ഷാ അവസ്ഥയെക്കുറിച്ചുള്ള ഭീതിതമായ ചിത്രമാണ് വരച്ചു കാണിക്കുന്നത്.

Also Read: ദേശാഭിമാനി കോട്ടയം പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് അന്തരിച്ചു

ഈ ഭയാനകമായ കുറ്റകൃത്യത്തിൻ്റെ കുറ്റവാളികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് നിയമപ്രകാരം പരമാവധി ശിക്ഷ ലഭിക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാർ ഉറപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇരയുടെ കുടുംബത്തിന് അൽപമെങ്കിലും ആശ്വാസം പകരാൻ മാത്രമല്ല, ഇത്തരം അക്രമങ്ങൾ നമ്മുടെ സമൂഹത്തിൽ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തവും അസന്ദിഗ്ദ്ധവുമായ സന്ദേശം നൽകാനും ഇത് ആവശ്യമാണ്.

കൂടാതെ, ഈ ദാരുണമായ സംഭവം, ആശുപത്രികളിൽ, പ്രത്യേകിച്ച് സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന മതിയായ സുരക്ഷയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ സാഹചര്യം അടിയന്തരമായി സുരക്ഷാ നടപടികൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു. കൃത്യമായ പരിശോധനകളില്ലാതെ ആർക്കും ആശുപത്രികളിലെ സെൻസിറ്റീവ് ഏരിയകളിൽ പ്രവേശിക്കാമെന്നത് അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളമുള്ള എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും നിലവിലുള്ള കോഡ് ഗ്രേ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്തണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News