തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെജിഎംഒഎ. ശരീരത്തിൽ ഉണ്ടാകുന്ന സെബേഷ്യസ് സിസ്റ്റ് എന്ന മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിൻ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായ വാർത്തയ്ക്ക് അടിസ്ഥാനം. വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൗ ഡ്രെയിൻ ചിലവു കുറഞ്ഞതും ഉപകാരപ്രദവും ആയ ഒരു രീതിയാണെന്നിരിക്കേ ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നത് പരിമിതമായ സൗകര്യങ്ങളിൽ ആത്മാർത്ഥമായി ആതുരസേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കുകയുള്ളൂ.
ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ പ്രവർത്തകരുടേയും പ്രതിച്ഛായ തകർക്കുന്ന തരത്തിൽ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കെജിഎംഒഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ല. പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റമാണിത്. അത് ഇളക്കി കളയണമെന്ന് രോഗിയോട് കൃത്യമായി നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here