ദില്ലി സ്‌ഫോടനത്തിന് ഖലിസ്ഥാന്‍ ബന്ധം? 

DELHI

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്കും നീങ്ങുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖലിസ്ഥാന്‍ ബന്ധമുളള ടെലഗ്രാം ഗ്രൂപ്പിലൂടെ പ്രചരിച്ചതാണ് സംശയം ബലപ്പെടുത്തുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചുവെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയതായി പൊലീസ്.

ഞായറാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പ്രചരിച്ചത് ഖലിസ്ഥാന്‍ ബന്ധമുളള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ഗ്രൂപ്പില്‍ നിന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലഗ്രാം മെസഞ്ചറില്‍ നിന്നും ദില്ലി പൊലീസ് വിശദാംശങ്ങള്‍ തേടി. ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന വാട്ടര്‍മാര്‍ക്കോട് കൂടിയ വിഡിയോ ദൃശ്യം ഒരു സന്ദേശത്തോട് കൂടിയാണ് അയച്ചിരിക്കുന്നത്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ നോക്കുന്ന ഇന്ത്യന്‍ ഏജന്‍സി വിഡ്ഡികളുടെ ലോകത്താണ് ജിവിക്കുന്നതെന്നും നമ്മുടെ കഴിവുകള്‍ എത്രയുണ്ടെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നുമുളള ഭീഷണിയോടെയാണ് സന്ദേശം.

കാനഡയുമായുള്ള സമീപകാല നയതന്ത്ര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഖാലിസ്ഥാന്‍ ഭീകരരുടെ ആഗോള ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള  നിലപാടിനെ പരാമര്‍ശിക്കുന്നതായിരുന്നു പോസ്റ്റ്. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചുവെന്ന് സംശയിക്കുന്നയാളെ കണ്ടെത്തി. വെള്ള ടീ-ഷര്‍ട്ട് ധരിച്ച ആളെയാണ് ശനിയാഴ്ച രാത്രി സംഭവസ്ഥലത്ത് കണ്ടെത്തിയത്. സ്‌ഫോടക വസ്തു പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ഒന്നര അടി താഴ്ചയില്‍ കുഴിച്ച് സ്ഥാപിച്ച ശേഷം മാലിന്യം കൊണ്ട് മൂടുകയായിരുന്നു. വെളള നിറത്തിലുളള രാസവസ്തു ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചത്. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണെന്നാണ് സംശയം.

സ്‌ഫോടകത്തിന് ശേഷം രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. ഒരു ടൈമറോ റിമോട്ടോ ഉപയോഗിച്ച് നിയന്ത്രിക്കുന്ന കുറഞ്ഞ തീവ്രതയുള്ള ഐഇഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഒരു മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു അക്രമികളുടെ ഉദ്ദേശ്യമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, എന്‍എസ്ജി, സിആര്‍പിഎഫ് ദില്ലി പൊലീസ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിലാകമാനം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News