ലക്ഷ്യം വികസനത്തിന് പണസമാഹരണം; കിഫ്ബിയ്ക്ക് 25 വയസ്

KIIFB

അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യത്തിന് മാതൃകയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് 25 വയസ്സ്. സംസ്ഥാന ബജറ്റിന് പുറത്തു പണം കണ്ടെത്തി, അടിസ്ഥാന സൗകര്യവികസനം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാം എന്നതിന്റെ രാജ്യത്തെ മികച്ച മാതൃകയാണ് കിഫ്ബി.

സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ 8 വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കിഫ്ബി അടിസ്ഥാനമാക്കി ഒരു ബദല്‍ വികസന മാതൃക മുന്നോട്ട് വയ്ക്കുകയായിരുന്നു കേരള സര്‍ക്കാര്‍. 1999ലാണ് കിഫ്ബി ആക്ടിന് വിധേയമായി ബോഡി കോര്‍പൊറേറ്റ് മാതൃകയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുക്കുന്നത്.

കേരളത്തില്‍ 2016 ല്‍ നിലവില്‍ വന്ന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യവികസന ചിത്രം മാറ്റി വരയ്ക്കുന്നതിന് ഇച്ഛാശക്തിയോട് കൂടി തീരുമാനമെടുത്തു. ഇതിനായി സര്‍ക്കാര്‍ കിഫ്ബിയെ ചുമതലപ്പെടുത്തി. വികസനത്തിനായി നൂതനവും സമാനതകളില്ലാത്തതുമായ വിഭവസമാഹരണം കിഫ്ബി ആസൂത്രണം ചെയ്തു.

കിഫ്ബി ആക്ട് ഭേദഗതിയിലൂടെ ഘടനയും സാമ്പത്തിക-ഭരണ സംബന്ധമായ പ്രവര്‍ത്തന രീതികളും നവീകരിച്ചു. സാമ്പത്തിക സമാഹരണത്തിനൊപ്പം പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവന ചെയ്ത് നടപ്പാക്കുന്നത്.

ജലവിഭവം, ആരോഗ്യകുടുംബക്ഷേമം, ഊര്‍ജം, കോസ്റ്റല്‍ ഷിപ്പിങ്ങും ഉള്‍നാടന്‍ ജലഗതാഗതവും , ഉന്നതവിദ്യാഭ്യാസം , ഐടി, സ്‌പോര്‍ട്‌സ് , യുവജനകാര്യം, ടൂറിസം തുടങ്ങി എല്ലാ വകുപ്പുകളുടെയും കീഴില്‍ വരുന്ന 66306.74 കോടി മൂല്യം വരുന്ന 1109 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികളില്‍ നല്ലൊരു ശതമാനം പൂര്‍ത്തിയായിടുണ്ട്.

മറ്റ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിനുപുറമേ വിവിധ പദ്ധതികള്‍ക്കായി 20000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും കിഫ്ബി അനുമതി നല്‍കി. ഇതില്‍ ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍, മൂന്ന് വ്യവസായ പാര്‍ക്കുകകള്‍, എച്ച് എന്‍എലില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍, കൊച്ചി ബാംഗലൂര്‍ വ്യവസായ ഇടനാഴിയും ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ ഉള്‍പ്പെടുന്നു.

86306.74 കോടി രൂപ മൂല്യം വരുന്ന 1116 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. കിഫ്ബി ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ സഫലീകരിക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration