ഹരിയാനയില്‍ പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു. വിദ്യാര്‍ഥി പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പ്രതിഷേധം ശക്തമായതോടെ ഗോ സംരക്ഷണ സേനയിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 23നാണ് ഗോ സംരക്ഷണ സേനയുടെ ആക്രമണം ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദിലാണ് പശുക്കടത്ത് ആരോപിച്ചു കാറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആര്യന്‍ മിശ്ര എന്നാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പേര്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ദില്ലി -ആഗ്ര ദേശീയ പാതയിലെ ഗാധ്പുരിക്കടുത്ത് 30 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവുമായി ബന്ധപ്പെട്ട് പശുസംരക്ഷണ സേനയിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൗശിക്ക്, വരുണ്‍, കൃഷ്ണ, അദേശ്, സൗരഭ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പശുക്കടത്തുകാര്‍ ഡസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ കാറുകളിലായി നഗരംചുറ്റുന്നു എന്ന വിവരത്തെത്തുടര്‍ന്നായിരുന്നു സംഘം വിദ്യാര്‍ഥികളെ പിന്തുടര്‍ന്നത്. വിദ്യാര്‍ഥികളും സഞ്ചരിച്ചിരുന്നത് ഡസ്റ്റര്‍ കാറിലായിരുന്നു. ഹര്‍ഷിതെന്ന വ്യക്തിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ആര്യനും സുഹൃത്തായ ഷാങ്കിയുമുണ്ടായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ചര്‍ഖി ദാദ്രി ജില്ലയിലും സമാന സംഭവമുണ്ടായത്. പശുസംരക്ഷകര്‍ അതിഥിതൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബീഫ് കഴിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here