കിൻഫ്രാ പാർക്കിലെ കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ലോകായുക്ത തള്ളി. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റീസ് ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
കൂടിയാലോചനകളില്ലാതെ തികച്ചും എകപക്ഷീയമായി നടപ്പിലാക്കിയ നിരക്ക് വർദ്ധന യുക്തിരഹിതവും, , അന്യായവുമായ നടപടിയാണെന്നും ആരോപിച്ചാണ് സ്വകാര്യ സംരംഭകർ ലോകായുക്തയെ സമീപിച്ചത്.
സംരംഭകരും കിൻഫ്രയും തമ്മിൽ ഒപ്പ് വെച്ച കരാറിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നും പരാതികൾ ലോകായുക്തയുടെ അധികാര പരിധിയിൽ ഉള്‍പ്പെടില്ലെന്നും കിന്‍ഫ്രയുടെ അഭിഭാഷകന്‍ വാദിച്ചു.
കിൻഫ്രയുടെത് പീഡിപ്പിക്കുന്ന (harassment) നടപടിയാണെന്നും അക്കാര്യം ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കരാർ സംബന്ധമായ പരാതികളിൽ ഹരാസ്മെന്റ് ഒരു വിഷയമായി ഉന്നയിച്ചിട്ടുണ്ടെങ്കിൽ ലോകായുക്തക്ക് അതിന്മേൽ അന്വഷണം നടത്താം എന്ന് പരാമർശിച്ച ഡിവിഷൻ ബെഞ്ച്, ഹരാസ്മെന്റ് ആരോപിക്കുമ്പോൾ അതിനെ സാധൂകരിക്കുന്ന ഘടകങ്ങൾ കൂടി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണമെന്നും അല്ലാത്ത പക്ഷം പരാതി നിലനില്ക്കില്ല എന്നും വ്യക്തമാക്കി.
കിൻഫ്രയുടെ നടപടികൾ ഹരാസ്മെന്റ് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന ഒരു വസ്തുതയും പരാതിയില്‍ ഇല്ല എന്ന് കണ്ടെത്തിയ ഡിവിഷൻ ബെഞ്ച് പരാതി തള്ളുകയും വർദ്ധിപ്പിച്ച നിരക്ക് ഈടാക്കുന്നത് വിലക്കിയ സ്റ്റേ ഓർഡർ റദ്ദാക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here