അഭ്രപാളികളിൽ മോഹൻരാജിൻ്റെ തലവര മാറ്റിയെഴുതിയ കീരിക്കാടൻ ജോസ്.!

കീരിക്കാടൻ ജോസ്.! മലയാള സിനിമയിലെ വില്ലൻമാർക്കിടയിൽ ആ പേരുണ്ടാക്കിയ ഇംപാക്ട് അത്ര ചെറുതല്ല. നായകൻമാർ കൊടികുത്തി വാണിരുന്ന മലയാള സിനിമയിൽ അക്കാലത്ത് കാമ്പും കരുത്തുമുള്ള ഈ വില്ലൻ കഥാപാത്രം ഒരു പുതുമയായിരുന്നു. മോഹൻരാജെന്ന അനുഗ്രഹീത നടൻ അഭ്രപാളികളിൽ ആ വേഷം അനശ്വരമാക്കിയപ്പോൾ കാലം മോഹൻരാജെന്ന ആ അഭിനേതാവിനെ അടയാളപ്പെടുത്തിയത് കീരിക്കാടൻ ജോസെന്ന ആ കഥാപാത്രമായി തന്നെയായിരുന്നു. വെട്ടൊന്നിന് മുറി രണ്ട് എന്ന സ്വഭാവ വിശേഷമുള്ള കീരിക്കാടൻ ജോസിലേക്ക് സ്വതവേ ശാന്തനും മിതഭാഷിയുമായിരുന്ന മോഹൻരാജ് എങ്ങനെയാണ് എത്തപ്പെട്ടതെന്ന് പരിശോധിക്കാം. നടനാകാൻ മോഹിക്കാതെ നടനായ, വില്ലനാകാൻ ആഗ്രഹിക്കാതെ മലയാളി പ്രേക്ഷക മനസ്സുകൾക്കുള്ളിൽ എന്നുമൊരു വില്ലനായി പതിഞ്ഞുപോയ മോഹൻരാജിൻ്റെ കഥ ഇങ്ങനെയാണ്.

ALSO READ: കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് തീർത്തും ആകസ്മികമായി ‘കഴുമലൈ കള്ളൻ’, ‘ആൺകളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ മോഹൻരാജിന് ഒരു അവസരം ലഭിച്ചു. അന്ന് തൻ്റെ അഭിനയ നൈപുണ്യമൊന്ന് പരീക്ഷിച്ച് നോക്കിയ മോഹൻരാജിനെ ഏറെ നാളുകൾക്ക് ശേഷം സംവിധായകൻ കലാധരൻ കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോയി. സംവിധായകൻ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും ചേർന്ന് കന്നഡയിലെ ഒരു പ്രശസ്ത നടനെയായിരുന്നു കീരിക്കാടൻ ജോസിൻ്റെ വേഷം ചെയ്യാൻ അന്ന് കണ്ടുവച്ചിരുന്നത്. എന്നാൽ പറഞ്ഞദിവസം നടന് എത്താൻ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹൻരാജിനെ ആ സമയത്താണ് കലാധരൻ്റെ മുറിയിൽ വെച്ച് സംവിധായകൻ കാണുന്നത്.

ALSO READ: ‘ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല; ഒരു പണപ്പിരിവും നടത്തിയിട്ടില്ല’: മനാഫ്

അന്നത്തെ ഒറ്റ കൂടിക്കാഴ്ചയിൽ സിബിമലയിലിന് തൻ്റെ കീരിക്കാടനെ മോഹൻരാജിൽ കണ്ടെത്താനായി എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി തോന്നേണ്ടതില്ല, കാരണം ഹോട്ടലിലെ ലിഫ്റ്റിനടുത്തു വെച്ച് മോഹൻരാജിനെ കണ്ട ലോഹിതദാസിനും അന്ന് ഒറ്റനോട്ടമേ വേണ്ടി വന്നുള്ളൂ മനസ്സിലെ കീരിക്കാടൻ ജോസിനെ മുന്നിൽ കാണാൻ. ഇരുവരുടെയും ആ നോട്ടങ്ങൾ വഴിതിരിച്ചു വിട്ട ജീവിതമായിരുന്നു പിന്നീട് മോഹൻരാജിന് ഉണ്ടായത്. എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹൻരാജ് കിരീടത്തിൽ അഭിനയിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ മുൻനിര വില്ലനായി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. 300-ലേറെ സിനിമകളിൽ മോഹൻരാജ് ഇക്കാലത്തിനിടയിൽ അഭിനയിച്ചു കഴിഞ്ഞു.  ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.

ALSO READ: നിയമസഭയിൽ പി വി അൻവറിന്റെ സ്ഥാനം ഇനി പ്രതിപക്ഷനിരയിൽ

കിരീടത്തിലെ കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി എന്ന പാട്ട് പാടുന്ന ഡ്രൈവർ ജോസ് എന്ന കഥാപാത്രമായിരുന്നത്രെ മോഹൻരാജിന് ഈ സിനിമയിൽ. എന്നാൽ എന്തുകൊണ്ടോ എഡിറ്റിങ് ടേബിളിലെ കത്രികയിൽ തട്ടി തൻ്റെ വേഷം പിന്നീട് വെട്ടിമാറ്റപ്പെട്ടുവെന്നു മോഹൻരാജ് ഒരിക്കൽ പറഞ്ഞിരുന്നു.  ‘‘കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ലെന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട്. അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം’’– ഒരിക്കൽ മോഹൻരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News