മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ മഹാ പഞ്ചായത്തിൽ അണിനിരന്നത് ആയിരങ്ങൾ. ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ ഖനൗരിയിലും നടന്ന മഹാ പഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ നിരവധി കർഷക സംഘടനപ്രവർത്തകർ പങ്കെടുത്തു. കേന്ദ്രസർക്കാർ എത്ര ശ്രമിച്ചാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കർഷകരുടെ ശക്തി തെളിയിക്കുമെന്നും നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ഭല്ലേവാൾ ഖനൗരിയിൽ പറഞ്ഞു.
മിനിമം താങ്ങുവില നിയമപരമാക്കുക, കാർഷിക വിപണനത്തിനുള്ള ദേശീയ നയചട്ടക്കൂട് പിൻവലിച്ച് കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും താക്കീത് നൽകുന്നതായിരുന്നു ഹരിയാനയിലെ തോഹാനയിലും പഞ്ചാബിലെ ഖനൗരിയിലും സംഘടിപ്പിച്ച മഹാപഞ്ചായത്തുകൾ. കൊടും തണുപ്പിനെയും അവഗണിച്ച് ആയിരക്കണക്കിന് കർഷകരും സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ദേശീയ നേതാക്കളും തോഹാനിയിൽ നടന്ന മഹാപഞ്ചായത്തിൽ അണിനിരന്നു.
ALSO READ; കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി പോയവർ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് പേർ മരിച്ചു
തൊഹാനയിൽ കർഷകരെ അഭിസംബോധന ചെയ്ത കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഖനൗരിയിൽ നിരാഹാരമിരിക്കുന്ന ദല്ലേവാളിന് പിന്തുണയറിക്കുകയും ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 24 വിലകൾക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച് ഹരിയാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും അദ്ദേഹം വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച നേതാവ് ജോഗീന്ദർ സിങ് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു.
കർഷകപ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച മൂന്നു നിയമങ്ങളെക്കാൾ അപകടകരമാണ് മോദിയുടെ മൂന്നാം സർക്കാർ കൊണ്ടുവന്ന കാർഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂടെന്നും ഇത് ലോക ബാങ്കിനും അന്താരാഷ്ട്ര ധനമൂലധനത്തിനും കീഴടങ്ങുന്നതാണെന്നും ജോഗീന്ദർ കൂട്ടിച്ചേർത്തു. മഹാപഞ്ചായത്തിൽ കാർഷിക വിപണനത്തിനുള്ള ദേശീയ നയചട്ടക്കൂടിനെതിരായ പ്രമേയവും പാസാക്കി. ഇത് ജനുവരി പത്തിനകം ഗ്രാമപഞ്ചായത്തുകൾ വഴി കേന്ദ്രസർക്കാരിനയക്കണമെന്നും ആവശ്യപ്പെട്ടു.
ALSO READ; കൃഷിമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ കേട്ടില്ല; പ്രതിഷേധം അറിയിച്ച് മന്ത്രി പി പ്രസാദ്
അതേസമയം, ഖനൗരിയിലെ മഹാ പഞ്ചായത്ത് വേദിയിലേക്ക് സ്ട്രച്ചറിലാണ് നിരാഹാരം ഇരിക്കുന്ന കർഷക നേതാവ് ദല്ലേവാളിനെ എത്തിച്ചത്. കർഷകരെ അഭിസംബോധന ചെയ്ത ദല്ലവാൾ രാജ്യത്ത് കർഷക ആത്മഹത്യ വർദ്ധിക്കുകയാണെന്നും 7 ലക്ഷം കർഷകർ ആത്മഹത്യ ചെയ്തിട്ടും കേന്ദ്ര സർക്കാർ മൗനം തുടരുകയാണെന്നും കുറ്റപ്പെടുത്തി. മഹാപഞ്ചായത്തിന് പിന്തുണ യറിയിച്ചെത്തിയ മുഴുവൻ കർഷകരോടും ദല്ലേവാൾ നന്ദി അറിയിച്ചു. കേന്ദ്രസർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ ദല്ലേവാളിന്റെ നിരാഹാരം 40 ദിവസം പിന്നിടുന്നതിനിടയിലാണ് ആയിരങ്ങൾ അണിനിരന്ന മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here