മഹാരാഷ്ട്രയില്‍ കര്‍ഷക സമരം വിജയം കണ്ടെങ്കിലും ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്ന് കിസാന്‍ സഭ

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള കിസാന്‍ ലോംഗ് മാര്‍ച്ച് അഞ്ചാം ദിവസത്തിലേക്ക് കടക്കാനിരിക്കുമ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കര്‍ഷക പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എംഎല്‍എ വിനോദ് നിക്കോള്‍, സിപിഎം നേതാവ് ജെ പി ഗാവിത്, കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിമാരായ ദാദാ ഭൂസെ, അതുല്‍ സേവ് എന്നിവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കര്‍ഷക നേതാക്കളെ കണ്ടത്.

മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നില്‍ കര്‍ഷകര്‍ 14 ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ രണ്ട് ദിവസത്തെ അന്ത്യശാസനമാണ് പ്രതിനിധി സംഘം നല്‍കിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കുവാന്‍ കളക്ടര്‍മാര്‍, തഹസില്‍ദാര്‍ തുടങ്ങി ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടനെ നിര്‍ദ്ദേശം നല്‍കണമെന്നാണ് പ്രതിനിധി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

2018ലെ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്ന സാഹചര്യത്തിലാണ് ഇക്കുറി കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ സമരം തുടരുമെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് ജെപി ഗാവിത്ത് വ്യക്തമാക്കി.

അതേ സമയം, കര്‍ഷകര്‍ താനെ ജില്ലയിലെ ഷാപൂരിലാണ് കഴിഞ്ഞ ദിവസം തമ്പടിച്ചത്. നിനച്ചിരിക്കാതെ പെയ്ത കനത്ത മഴ സ്ത്രീകളും മുതിര്‍ന്നവരും അടങ്ങുന്ന പതിനായിരങ്ങളെ ദുരിതത്തിലാക്കി. എന്നിരുന്നാലും അതിജീവനത്തിനായുള്ള പോരാട്ട സമരം വിജയം കണ്ടതിലുള്ള ആശ്വാസത്തിലാണ് ഇവരെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News